മലയോര ജനതയുടെ യാത്രാദുരിതം തീരുന്നില്ല
രാജപുരം: മലയോര നിവാസികളുടെ യാത്രാ പ്രശ്‌നത്തിനു ഒരു പരിധി വരെ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ തുടങ്ങിയെങ്കിലും കാലപ്പഴക്കം ചെന്ന ബസുകള്‍ ഓടുന്നതിനാല്‍ യാത്രാ ദുരിതം തീരുന്നില്ല. നാലു വര്‍ഷം മുമ്പാണ് ഡിപ്പോ ആരംഭിച്ചത്. അന്നു സമീപ ഡിപ്പോകളില്‍ നിന്നു പഴയ ബസുകള്‍ എത്തിച്ചാണു സര്‍വിസുകള്‍ തുടങ്ങിയത്.
കാഞ്ഞങ്ങാട് സുള്ള്യ അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന അഞ്ചു ബസുകള്‍ ഒഴികെ മലയോരത്തേക്ക് ഓടുന്ന 90 ശതമാനം ബസുകളും പഴയതാണ്. 49 സര്‍വിസുകളില്‍ 25 എണ്ണവും മലയോരത്ത് ഹാള്‍ട്ട് ചെയ്യുന്നവയാണ്. ഇവ മിക്കവാറും 10 ലക്ഷം കിലോമിറ്റര്‍ ഓടിക്കഴിഞ്ഞ ബെന്‍സ് ബസുകളാണ്. ഡിപ്പോയ്ക്കു നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതു മലയോര സര്‍വിസുകളാണ്. പഴക്കം ചെന്ന ബസുകള്‍ മിക്കവാറും പാതി വഴിക്കാകുന്നതോടെ സര്‍വിസ് തന്നെ മുടങ്ങുന്നു. തകരാറുകള്‍ പരിഹരിക്കാന്‍ ദിവസങ്ങളെടുക്കുന്നതോടെ പകരം ബസ് ഇറക്കാനവാതെ സര്‍വിസ് തന്നെ പലപ്പോഴും മുടങ്ങുന്നു. ഇതു വരുമാനത്തെയും കാര്യമായി ബാധിക്കുന്നു.
ഡിപ്പോയിലെ പുതിയ ബസുകളില്‍ സുള്ള്യ റൂട്ട് ഒഴിച്ചുള്ള അഞ്ച് ബസുകള്‍ മറ്റു റൂട്ടുകളിലാണ് ഓടുന്നത്. മലയോരത്തേക്കുള്ള പഴകിയ ബസുകള്‍ക്കു പകരം പുതിയ ബസുകള്‍ ഇറക്കി മലയോര ജനതയുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
രാത്രി ഏഴു കഴിഞ്ഞാല്‍ ഒടയംചാല്‍ വഴിയും 7.20 കഴിഞ്ഞാല്‍ നീലേശ്വരം വഴിയും വെള്ളരിക്കുണ്ട് ഭാഗത്തേക്ക് കാഞ്ഞങ്ങാടു നിന്നും കെ.എസ്. ആര്‍. ടി. സി ബസുകളില്ല. ഒടയംചാല്‍ വഴി കൊന്നക്കാട്, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് സ്വകാര്യ ബസുകളും ഇല്ല.
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് രാത്രി എട്ടിനു ശേഷം ഒടയംചാല്‍ വഴി വെള്ളരിക്കുണ്ട് ഭാഗത്തേക്ക് കെ.എസ്. ആര്‍. ടി.സി ബസ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."