ഇടതുപക്ഷം സംഘ്പരിവാറിന്റെ കുഴലൂത്തുകാരാകുന്നു: രണ്ടത്താണി
തൊടുപുഴ: കേരളത്തില്‍ ഭരണം നടത്തുന്ന ഇടതുപക്ഷം സംഘപരിവാറിന്റെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി. മതപ്രബോധനം പിണറായി വിജയന്റെ ഔദാര്യമല്ലെന്നും ഭരണഘടന നല്‍കുന്ന അവകാശമാണെന്നും അത് സംരക്ഷിക്കാന്‍ യൂത്ത് ലീഗ് പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് യു.എ.പി.എ പോലുള്ള കരി നിയമങ്ങള്‍ മതപ്രഭാഷകര്‍ക്ക് നേരെ പ്രയോഗിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ ജനമുന്നേറ്റം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. പെന്‍ഷന്‍ റേഷന്‍ അട്ടിമറിക്കും പോലീസ് രാജിനെതിരെയും യൂത്ത്‌ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ നേതാക്കള്‍ നടത്തുന്ന വിഷലിപ്തമായ പ്രസംഗങ്ങള്‍ കണ്ടില്ലന്ന് നടിച്ചു കൊണ്ട് ഇസ്‌ലാമിക പ്രഭാഷകര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ കരിനിയമങ്ങള്‍ ചുമത്തി നിര്‍ജീവമാക്കാന്‍ ശ്രമിക്കുന്ന ഇരട്ടത്താപ്പ് നയത്തെ ചെറുത്ത് തോല്‍പ്പിക്കണം. രാജ്യമാദരിക്കുന്ന എം.ടി വാസുദേവന്‍ നായര്‍ക്കും, കമലിനുമെതിരെ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നടത്തി മതേതര കേരളത്തെ മലീമസമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പോലും അധികൃതര്‍ കണ്ടില്ലെന്നുനടിക്കുകയാണ്. തന്റെ സ്വന്തം രചനകള്‍ പോലും കത്തിച്ച് എഴുത്ത് നിര്‍ത്തേണ്ട ഗതികേടിലേക്ക് കമല്‍സി ചവറയെ തള്ളിവിട്ടതിന് പിന്നില്‍ ഫാസിസ്റ്റ് അജണ്ടയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് റ്റി.കെ. നവാസ് അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: സുല്‍ഫിക്കര്‍ സലാം മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി റ്റി.എം സലിം, എസ്.റ്റി.യു സംസ്ഥാന സെക്രട്ടറി പി.എസ് അബ്ദുള്‍ ജബ്ബാര്‍, ലീഗ് ജില്ലാ ട്രഷറര്‍ ഫൈസല്‍ കമാല്‍, ജില്ലാ ഭാരവാഹികളായ പി.കെ അബ്ദുള്‍ ഖാദര്‍, വി.എം അബ്ദുള്‍ റഹ്മാന്‍, നിയോജകമണ്ഡലം ലീഗ് പ്രസിഡന്റ് മുഹമ്മദ് വെട്ടിക്കല്‍, നേതാക്കളായ പി.എന്‍ സീതി, കെ.എം സലിം, മൊയ്തു കുനിയില്‍, എ.എം സമദ്, ഗഫൂര്‍ കട്ടപ്പന, എ.എം ഹാരിദ് എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്‌ലീഗ് ജില്ലാ ജന. സെക്രട്ടറി വി.എം റസ്സാഖ് സ്വാഗതമാശംസിച്ചു.
മങ്ങാട്ടുകവലയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് യൂത്ത്‌ലീഗ് ജില്ലാ ഭാരവാഹികളായ പി.എച്ച്. സുധീര്‍, ഇ.എ.എം അമീന്‍, അന്‍ഷാദ് കുറ്റിയാനി, അഷ്‌റഫ് കാളിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."