രോഹിത് വെമുല അനുസ്മരണം കേരളവര്‍മ്മയില്‍ 'ഐസ' പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ ആക്രമണം
തൃശൂര്‍: കേരളവര്‍മ്മ കോളജില്‍ രോഹിത് വെമുല രക്തസാക്ഷി ദിനം ആചരിച്ച ആള് ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷന്(ഐസ) പ്രവര്‍ത്തകര്‍ക്കു നേരെ എസ്.എഫ്.ഐ ആക്രമണം. യൂനിറ്റ് സെക്രട്ടറി അടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഐസ യൂനിറ്റ് സെക്രട്ടറി അഞ്ജിത കെ ജോസ്, ജോയിന്റ് സെക്രട്ടറി കെ.വി.എം മുഹമ്മദ് ഫഹീം, മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക ശ്രീലക്ഷ്മി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചതിരിഞ്ഞ് നാലിനായിരുന്നു സംഭവം. രോഹിത് വെമുലയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഐസ കേരളവര്‍മ്മ യുനിറ്റ് മനുസ്മൃതിയുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. പരിപാടി നടക്കുന്നതിനിടയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയും മുഹമ്മദ് ഫഹീമിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെട്ട് ഓട്ടോയില്‍ കയറി പോകുന്നതിനിടെ സംഘടിച്ചെത്തിയ ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വലിച്ചിറക്കി മുഹമ്മദ് ഫഹീമിനെ മര്‍ദിക്കുകയായിരുന്നു.
ഇതു തടയാനെത്തിയ അഞ്ജിത, ശ്രീലക്ഷ്മി എന്നിവരേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഓട്ടോ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുന്നതിനിടെ തൊട്ടടുത്ത പോസ്റ്റോഫിസിലേക്ക് ഓടിക്കയറിയെങ്കിലും അവിടെ നിന്നും വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ഫഹീമിന്റെ കഴുത്തിലും കൈയിലും പരുക്കേറ്റിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ കഴുത്തിലാണ് മര്‍ദനമേറ്റത്.
കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയും എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുമായ അഭിഷേക് പി.ആര്, മൂന് യൂനിറ്റ് സെക്രട്ടറി അരവിന്ദ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മര്‍ദിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."