നബിദിനാഘോഷ നിരോധനവും തബ്‌ലീഗിന്റെ തനിനിറവും
ഇസ്്‌ലാമിന്റെ ആത്മീയസൗന്ദര്യത്തെ സമ്പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നവരും അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും വിവേകപൂര്‍വം അകന്നുനില്‍ക്കുന്നതുമാണ് അഹ്്‌ലുസുന്നത്തി വല്‍ ജമാഅ. ഖുര്‍ആനിന്റെയും തിരുനബിയുടെയും കല്‍പനകള്‍ അംഗീകരിച്ച് അവിടുത്തെ അനുചരവൃന്ദത്തിന്റെ ജീവിതമാതൃകകള്‍ സ്വീകരിച്ചു സച്ചരിതരായ പൂര്‍വസൂരികള്‍ ശിര്‍കിന്റെയോ ശീഈ ചിന്താധാരയുടെയോ വക്താക്കളാണെന്നു പ്രചരിപ്പിക്കുന്ന പുത്തന്‍കൂട്ടുകാരെ നാം കരുതിയിരിക്കേണ്ടിയിരിക്കുന്നു.
അല്ലാഹുവിന്റെ ദീനിന്റെ സംരക്ഷണാര്‍ഥം സമസ്തയെന്ന മഹത്പ്രസ്ഥാനം കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയ പുത്തനാശയക്കാരുടെ ആശയപ്പാപ്പരത്തത്തെ സമൂഹമധ്യത്തില്‍ തുറന്നുകാട്ടുകയും അവയില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് ആഹ്വാനംനടത്തുകയും ചെയ്തിട്ടുണ്ട്. വഹാബിസത്തോടും മൗദൂദിസത്തോടും ആലയങ്ങളില്‍നിന്നു കൃത്യമായ അകലംപാലിക്കാന്‍ ജാഗ്രത കാണിക്കുന്ന ചിലരെങ്കിലും തബ്‌ലീഗ് ജമാഅത്തിനെ നിര്‍ദോഷപ്രസ്ഥാനമായി പരിഗണിക്കുന്നുണ്ട്.
വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അല്ലാഹുവിനെ പരിചയപ്പെടുത്തുക, മദ്യപാനംപോലുള്ള ലഹരിശീലങ്ങളില്‍നിന്നു മോചിപ്പിക്കുക, കൃത്യമായ നിസ്‌കാരം പരിശീലിപ്പിക്കുക, ദന്തശുചീകരണം, സുഗന്ധലേപനം, താടിവളര്‍ത്തല്‍, തലമറയ്ക്കല്‍ തുടങ്ങിയ സുന്നത്തുകള്‍ പതിവാക്കാന്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ലേ അവര്‍ ചെയ്യുന്നതെന്നതാണു നിഷ്‌കളങ്കമെന്നു തോന്നിപ്പിക്കുന്ന ചോദ്യം. നിരത്തുകളില്‍ മൈക്കുകെട്ടി ശബ്ദഘോഷങ്ങള്‍ തീര്‍ത്ത് ആരെയും അലോസരപ്പെടുത്താതെ, സമാധാനപരമായി പ്രബോധനം നടത്തുന്നവര്‍ മാതൃകായോഗ്യരല്ലേ എന്നിങ്ങനെയും ന്യായവാദങ്ങള്‍ നിരത്തുന്നവരുമുണ്ട്. എന്നാല്‍, ബാഹ്യമായി ആരെയും ആകര്‍ഷിക്കുന്ന ഈ പ്രസ്ഥാനം പ്രകടനപരതയുടെ മറവില്‍ വഹാബികളുടെ അതേ ആശയങ്ങളാണു പ്രചരിപ്പിക്കുന്നത്. സമസ്ത ഇക്കാര്യം നേരത്തേതന്നെ വിശ്വാസി സമൂഹത്തെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്.
കോട്ടയംജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ ഇക്കഴിഞ്ഞ റബീഉല്‍ അവ്വലില്‍ നബിദിനാഘോഷ പരിപാടികള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കുകയും അത് അംഗീകരിക്കാത്തവര്‍ക്കെതിരേ നിസ്സഹകരണനടപടികള്‍ എടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിലൂടെ ഇവരുടെ യഥാര്‍ഥ മുഖം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
മൗലിദും റാതീബും വര്‍ഷങ്ങളായി ഇവിടെ വര്‍ജ്യമാണ്. കഴിഞ്ഞവര്‍ഷം മേഖലയിലെ മസ്ജിദ് ഇമാമുമാരെ വിളിച്ചുചേര്‍ത്ത് നബിദിനാഘോഷം നിരോധിക്കുന്നതു സംബന്ധിച്ച ആലോചന നടത്തിയിരുന്നു. റാലിക്കിടയില്‍ അല്‍പജ്ഞാനികളായ ചില ചെറുപ്പക്കാര്‍ കാണിച്ചുകൂട്ടിയ പേക്കൂത്തുകളുടെ പേരുപറഞ്ഞാണു നിരോധനശ്രമം നടത്തിയത്. തലമുതിര്‍ന്നവരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയും സാന്നിധ്യവുമുണ്ടെങ്കില്‍ ഇതു പരിഹരിക്കാവുന്നതാണെന്നും നിരോധനം വേണ്ടെന്നും പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ പിന്മാറുകയാണുണ്ടായത്.
എന്നാല്‍, ഈ വര്‍ഷം പണ്ഡിതന്മാരെ തീര്‍ത്തും മാറ്റിനിര്‍ത്തി ജമാഅത്ത് ഭാരവാഹികള്‍ മാത്രം യോഗം ചേര്‍ന്നു നിരോധനമേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. തബലീഗ് പുത്തന്‍പ്രസ്ഥാനമാണെന്ന സമസ്തയുടെ നിലപാടു നൂറുശതമാനം സത്യമാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ സമുദായം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
വഹാബിസവും മൗദൂദിസവും അതിന്റെ അനുയായികള്‍ പരസ്യമായി പ്രചരിപ്പിക്കുമ്പോള്‍ തബലീഗ് ജമാഅത്തിന്റെ സ്ഥാപിതനേതാക്കള്‍ ലക്ഷ്യംവച്ച ബിദഈ ആശയങ്ങള്‍ ഒളി അജന്‍ഡയിലൂടെ ഇന്നത്തെ തബ്‌ലീഗുകാര്‍ നടപ്പാക്കുന്നുവെന്നതാണു വാസ്തവം.
തബ്‌ലീഗ് ജമാഅത്ത് തേനില്‍ പൊതിഞ്ഞവിഷമാണെന്ന യാഥാര്‍ഥ്യം മനസിലാക്കാതെ അതില്‍ പ്രവര്‍ത്തിക്കുന്ന സഹോദരങ്ങള്‍ക്കു സത്യം മനസിലാക്കാന്‍ കാഞ്ഞിരപ്പള്ളിയിലെ പ്രത്യക്ഷനിലപാട് സഹായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."