ദമാം-തിരുവനന്തപുരം ജെറ്റ് എയര്‍വേസ് യാത്ര മുടങ്ങി; ദുരിതത്തിലായി യാത്രക്കാര്‍
ദമാം: ശനിയാഴ്ച രാത്രി ദമാമില്‍നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍വേസ് വിമാനം മുടങ്ങിയതിനെ തുടര്‍ന്നു യാത്രക്കാര്‍ ദുരിതത്തിലായി. ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്കു പോകാനെത്തിയവര്‍ ഉള്‍പ്പെടെ 13 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. രാത്രി 11.55 നാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. തിരക്കേറിയ സമയമായതിനാല്‍ പലരും രാത്രി എട്ടുമണിയോടെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
11.30 ഓടെ വിമാനം വൈകുമെന്നും 12.35നു മാത്രമേ പുറപ്പെടുകയുള്ളുവെന്നും അറിയിപ്പ് വന്നു. എന്നാല്‍, ഒരു മണിക്കൂറിന് ശേഷം കനത്ത മൂടല്‍മഞ്ഞായതിനാല്‍ വിമാനം എത്തിയിട്ടില്ലെന്നും യാത്ര റദ്ദാക്കുകയാണെന്നും അറിയിക്കുകയായിരുന്നു. ഇതേസമയം, റീ എന്‍ട്രിയില്‍ യാത്ര തിരിക്കാനെത്തിയവരോട് വിവരം അറിയിക്കാമെന്ന് പറഞ്ഞ് പുറത്തുപോകാനും ഫൈനല്‍ എക്സിറ്റില്‍ ഉള്ളവരോട് വിമാനത്താവത്തില്‍ തന്നെ ഇരിക്കാനും നിര്‍ദേശിച്ചു.
എന്നാല്‍, ഞായറാഴ്ച ഉച്ചക്ക് ഒന്നര വരെയും പ്രത്യേകിച്ച് എന്തെങ്കിലും അറിയിപ്പ് അവര്‍ക്കു നല്‍കിയിട്ടില്ല. ഭക്ഷണമോ വെള്ളമോ മറ്റ് അവശ്യ സംവിധാനങ്ങളോ ഒരുക്കാനും ജെറ്റ് എയര്‍വേസ് അധികൃതര്‍ തയാറായിട്ടില്ലെന്നു യാത്രക്കാര്‍ ആരോപിച്ചു.
ഇത്തരത്തില്‍ ഏതാണ്ട് 30ലേറെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. രാവിലെയോടെ വ്യോമഗതാഗതം പുനരാരംഭിക്കുകയും നിരവധി വിമാനങ്ങള്‍ വരികയും പോകുകയും ചെയ്തിട്ടും തിരുവനന്തപുരം വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയിക്കാന്‍ പോലും എയര്‍വേസ് അധികൃതര്‍ തയാറായിട്ടില്ല. കാര്യങ്ങള്‍ തിരക്കാന്‍ വിമാനത്താവളത്തില്‍ വിമാന കമ്പനി ഉദ്യോഗസ്ഥരെ ആരെയും കാണാനുമില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."