റിട്ട. അധ്യാപികയുടെ കൊലപാതകം ആ ഫോണ്‍ നമ്പര്‍ വഴിത്തിരിവാകുമോ ?
ചെറുവത്തൂര്‍: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ കൊലപാതകുമായി ബന്ധപ്പെട്ട അന്വേഷണം ഒരു ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്. സംഭവദിവസം പ്രദേശത്തുണ്ടായ ഒരു മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സംഘം മംഗുളൂരുവിലെത്തി.
തെളിവുകള്‍ ലഭിക്കാതെ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ഫോണ്‍ നമ്പര്‍ വഴിത്തിരിവാകുമോ എന്നാണ് പ്രതീക്ഷ. ഡിസംബര്‍ 13ന് പ്രദേശത്തെ ടവര്‍ പരിധിയില്‍ ഉണ്ടായിരുന്ന നമ്പറുകളിലേക്ക് പൊലിസ് ബന്ധപ്പെട്ടുവരുന്നുണ്ട്. ഇതിനിടയിലാണ് മംഗുളൂരുവിലുള്ള ഒരു നമ്പര്‍ ലഭിച്ചത്. ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അന്ന് ഞാന്‍ പുലിയന്നൂരില്‍ എത്തിയിട്ടില്ല എന്ന മറുപടി ലഭിച്ചു. എന്നാല്‍ ടവര്‍ ലൊക്കേഷനില്‍ നമ്പര്‍ കാണുന്നുമുണ്ട്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇതാണ് ഇയാളെ തേടി മംഗളൂരുവില്‍ എത്താന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. ഇയാളുടെ മുഴുവന്‍ വിവരങ്ങളും പൊലിസിന്റെ പക്കലുണ്ട്.
അതേസമയം അന്വേഷണം കാര്യക്ഷമമല്ല, അന്വേഷണം വഴിതിരിക്കാന്‍ മറ്റു ഇടപെടലുകള്‍ നടക്കുന്ന തുടങ്ങിയ ആരോപണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. നാളെ യു.ഡി.എഫ് പ്രതിഷേധയോഗവും ചീമേനിയില്‍ നടക്കും. ജാനകിയുടെ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം ചീമേനി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലിയന്നൂരില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള അധ്യക്ഷയായി. ഭാരവാഹികള്‍: കെ.പി വത്സലന്‍ (ചെയര്‍മാന്‍), എം. ശശിധരന്‍ (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."