കോഡൂരിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി
കോഡൂര്‍: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി അനധികൃതമായി കൈയേറിയ പൊതുസ്ഥലങ്ങള്‍ തിരിച്ചുപിടിക്കാനാരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനത്തെ തുടര്‍ന്നാണ് കൈയേറ്റങ്ങളൊഴിപ്പിക്കാന്‍ തുടങ്ങിയത്.
മങ്ങാട്ടുപുലം, വടക്കേമണ്ണ, നൂറാടി, ചോലക്കല്‍ വലിയപറമ്പ, പൂക്കോട്ടുചോല, കാലംപറമ്പ തുടങ്ങിയ പ്രദേശങ്ങളിലായി ഏക്കറ കണക്കിന് ഭൂമിയാണ് അനധികൃത കൈയേറ്റത്തിലൂടെ അന്യാധീനപ്പെട്ട് കിടക്കുന്നത്. തിരിച്ചുപിടിക്കുന്ന സ്ഥലങ്ങളില്‍ പൊതുജല സംരക്ഷണത്തിനായി കുളങ്ങളുടെ നിര്‍മാണം, ഭവനരഹിതര്‍ക്ക് വീട്‌വെക്കുന്നതിന് സ്ഥലം, പൊതുകളിസ്ഥലങ്ങള്‍, അങ്കണവാടികള്‍ക്ക് കെട്ടിടം, പൊതുശ്മശാനം, ശുചീകരണാലയങ്ങള്‍ എന്നിവ നിര്‍മിക്കാനാണ് പദ്ധതി.
ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുനിരത്തുകളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളല്ലാത്ത മുഴുവന്‍ ഷെഡുകളും നീക്കം ചെയ്യുന്നതിനും കെട്ടിട നിര്‍മാണത്തിനും മറ്റുമായി പൊതുനിരത്തുകളില്‍ ഇറക്കിയിട്ടുള്ള കല്ല്, പൂഴി മുതലായവ എടുത്തുമാറ്റുന്നതിനും കൈയേറ്റ ഭൂമികള്‍ സ്വയം ഒഴിഞ്ഞ് തരുന്നതിനും ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭ്യര്‍ഥിച്ചു.
സ്വയം തയാറാകാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജിയും സെക്രട്ടറി കെ പ്രേമാനന്ദനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."