തുക വകയിരുത്തിയിട്ടും മെഡിക്കല്‍ കോളജ് ഹൃദ്രോഗവിഭാഗം വിപുലപ്പെടുത്തിയില്ല
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹൃദ്രോഗ വിഭാഗം എന്ന ആവശ്യം അനിശ്ചതത്വത്തില്‍. ബജറ്റില്‍ തുക വകയിരുത്തിയിട്ടും കാത്ത്‌ലാബ് ഉള്‍പ്പെടെ വിപുലപ്പെടുത്താന്‍ കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ല.
സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളജുകളിലെല്ലാം താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ ഹൃദ്രോഗ ചികിത്സാ വിഭാഗം പ്രവര്‍ത്തിക്കോമ്പോഴും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഈ ആവശ്യം നീണ്ടുപോകുകയാണ്. നേരത്തെ കാത്ത്‌ലാബിനു വേണ്ടി മെഡിക്കല്‍ കോളജ് അധികൃതര്‍ വിപുലമായ പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞ ബജറ്റില്‍ അഞ്ചു കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു.
എന്നാല്‍, തുടര്‍ നടപടികള്‍ക്കു കാലതാമസം നേരിടുകയാണ്. മെച്ചപ്പെട്ട ഹൃദ്രോഗ ചികിത്സയ്ക്കായി ജില്ലയ്ക്കകത്തും പുറത്തുംനിന്ന് നിരവധിപേരാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്കെത്തുന്നത്. ഇതില്‍ അധികവും സാധാരണക്കാരാണ്. എന്നാല്‍, നിലവില്‍ ജനറല്‍ ആശുപത്രിയില്‍നിന്നു ഡെപ്യൂട്ടേഷന്‍ വഴി ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഹൃദ്രോഗ വിഭാഗമാണിവിടെ പ്രവര്‍ത്തിക്കുന്നത്.
ഹൃദ്രോഗികളുടെ എണ്ണം ഒരോ വര്‍ഷങ്ങളിലും കൂടുമ്പോഴും മെഡിക്കല്‍ കോളജിലുള്ള കാലപ്പഴക്കംചെന്ന സൗകര്യങ്ങളും ചികിത്സകളും മാത്രമാണ് രോഗികള്‍ക്കു ലഭിക്കുന്നത്. സ്‌പെഷാലിറ്റി തുടങ്ങാന്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കാനുള്ള പരിമിതിയാണ് ഹൃഗ്രോദ വിഭാഗം വിപുലപ്പെടുത്തുന്നതിനുള്ള തടസമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."