യമനിലെ ഏകദേശ മേഖലയും ഹൂതികളില്‍ നിന്നും തിരിച്ചുപിടിച്ചു; ഇപ്പോഴത്തേത് നിര്‍ണ്ണായക മുന്നേറ്റം: സഖ്യ സേന
റിയാദ്: യമനിലെ വിമത വിഭാഗമായ ഹൂതികളുടെ നിയന്ത്രണത്തില്‍ നിന്നും ഏകദേശം ഭാഗങ്ങള്‍ തങ്ങള്‍ കീഴടക്കിയതായും ഇനിയുള്ള ഭാഗങ്ങള്‍ കൂടി കീഴടക്കാനുള്ള നിര്‍ണ്ണായക മുന്നേറ്റമാണ് ഇപ്പോള്‍ യമനില്‍ നടക്കുന്നതെന്നും യുദ്ധത്തിലേര്‍പ്പെട്ട സഖ്യ സേന അറിയിച്ചു. 90 ശതമാനം മേഖലയും തിരിച്ചു പിടിച്ച ഔദ്യോഗിക സൈന്യം ഇപ്പോള്‍ തലസ്ഥാന നഗരിയായ സന്‍ആയുടെ ചില ഭാഗങ്ങള്‍ കൂടി കീഴടക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള യമനിലെ നിര്‍ണ്ണായക മുന്നേറ്റമാണിതെന്നും സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി മാധ്യമങ്ങളൊട് വ്യക്തമാക്കി.
ഹൂതികളെ തുരത്താന്‍ യമനിലെ ഏത് സേനക്കും സഖ്യസേനക്കൊപ്പം ചേരാമെന്നും വക്താവ് അറിയിച്ചു. ഇനിയുള്ള നീക്കങ്ങള്‍ നിര്‍ണ്ണായകമാണ്. ഹൂതികളുടെ കരങ്ങളില്‍ നിന്നും പൂര്‍ണ്ണമായും യമന് മോചനം സാധ്യമാക്കും. ഇപ്പോള്‍ തലസ്ഥാന നഗരിക്ക് അരികിലെത്തി സഖ്യ സേന ഹൂതികള്‍ക്കെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. സന്‍ആക്ക് സമീപത്തെ പ്രവിശ്യകളെല്ലാം സഖ്യസേന തിരിച്ചു പിടിച്ചു. യമന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് സഖ്യ സേന മുന്നേറുന്നത്. 2013 ല്‍ ആരംഭിച്ച യമനിലെ ആഭ്യന്തര കലഹങ്ങള്‍ 2015 ഓടെ ശക്തമായതിനെ തുടര്‍ന്ന് സുരക്ഷക്ക് ഭീഷണിയായതോടെ 2015 ല്‍ സഊദി പ്രശ്‌നത്തില്‍ ഇടപെട്ടു ഹൂതികള്‍ക്കെതിരെ യുദ്ധം ആരംഭിക്കുകയായിരുന്നു. എന്നാല്‍, ഹൂതികളുടെ പക്ഷത്ത് ഇറാന്‍ സര്‍വ്വ വിധ സഹായവും നല്‍കുന്നതാണ് ചെറിയ വിഭാഗമായ ഇവരെ കീഴ്‌പ്പെടുത്തുന്നതില്‍ കാലതാമസം നേരിടാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."