പോളിയോ തുള്ളി മരുന്ന് വിതരണം 97.37 ശതമാനം പൂര്‍ത്തിയാക്കി
പാലക്കാട്: ജില്ലയില്‍ ജനവുവരി 29 മുതല്‍ ആരംഭിച്ച ഈവര്‍ഷത്തെ പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ഒന്നാം ഘട്ടത്തില്‍ 97.37ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ.പി. റീത്ത അറിയിച്ചു.
ജില്ലയില്‍ അഞ്ച് വയസ്സിന് താഴെയുള്ള ആകെ 2,33,534 കുട്ടികളില്‍ 2,27,398 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി. ആദ്യദിനമായ ജനുവരി 29ന് ജില്ലയിലുടനീളം സജ്ജമാക്കിയ 1972 ബൂത്തുകളിലൂടെയാണ് തുള്ളിമരുന്ന് നല്‍കിയത്.
ഇതിനായി പരിശീലനം ലഭിച്ച 3944 ടീം വൊളന്റിയര്മാരുണ്ടായിരുന്നു. 198 സൂപ്പര്‍വൈസര്‍മാര്‍ മേല്‍നോട്ടം വഹിച്ചു. ഇതുകൂടാതെ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വെ സ്റ്റേഷനുകളിലും മറ്റുമുള്ള 76 ട്രാന്‍സിറ്റ് ബൂത്തുകളും മേള, ബസാര്‍ ഏരിയകളില്‍ മൂന്ന് ബൂത്തുകളും 65 മൊബൈല്‍ ടീമുകളും സജീവമായിരുന്നു.
ബൂത്തുകളിലൂടെ 30,31 തീയതികളില്‍ തുള്ളിമരുന്ന് ലഭിക്കാത്തവര്‍ക്ക് പരിശീലനം ലഭിച്ച 2905 ടീം വൊളന്റിയര്‍മാര്‍ ഗൃഹ സന്ദര്‍ശനങ്ങളിലൂടെ തുള്ളിമരുന്ന് വിതരണം, വാക്സിനേഷന് എന്നിവ നല്കി.
ഒന്നാം ഘട്ട പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 29ന് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരിയാണ് നിര്‍വഹിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അധ്യക്ഷയായി.
ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി മുഖ്യാതിഥിയായിരുന്നു.ഈ വര്‍ഷത്തെ രണ്ടാം ഘട്ടം പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഏപ്രില്‍ രണ്ടിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."