അസംഘടിത തൊഴിലാളികളും സാമൂഹിക സുരക്ഷിതത്വത്തിലേക്ക്
ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികളെകൂടി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന്റെ കരട് രൂപരേഖ തയാറായതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. പി.എഫ്, ഇ.എസ്.ഐ അംഗത്വമില്ലാത്തവരെയടക്കം മുഴുവന്‍ തൊഴിലാളികളെയും ഒരേ ചട്ടക്കൂടില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.
തൊഴിലിനിടെ അംഗഭംഗം വന്നവര്‍ക്കും മരിച്ചവര്‍ക്കുമുള്ള സഹായം, സ്ത്രീകള്‍ക്ക് ഗര്‍ഭകാലം മുതല്‍ പ്രസവം വരെയുള്ള സഹായം, ആരോഗ്യ പരിരക്ഷ, തൊഴിലില്ലായ്മാ വേതനം തുടങ്ങിയവയുടെ പരിധിയിലേക്ക് അസംഘടിത തൊഴിലാളികളെയും കൊണ്ടുവരാനാണ് തീരുമാനം. നിയമം ഈ വര്‍ഷംതന്നെ പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
നിലവില്‍ പി.എഫ്, ഇ.എസ്.ഐ പദ്ധതികളില്‍ തൊഴിലാളിക്കൊപ്പം തൊഴിലുടമയും വിഹിതം നല്‍കേണ്ടതുണ്ട്. ഇതിനാല്‍ അസംഘടിത മേഖലയിലെ തൊഴിലാളികളെ ഈ പദ്ധതികളില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. തൊഴില്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ മറ്റ് മന്ത്രാലയങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും അയക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്ക് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമായി വരും. കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാനങ്ങളുടെയും സഹായം ആവശ്യമാണ്. വാര്‍ധക്യകാല പെന്‍ഷനായി കേന്ദ്രം 300 രൂപ നല്‍കുകയാണെങ്കില്‍ ആനുപാതിക തുക സംസ്ഥാന സര്‍ക്കാരുകളും നല്‍കണം. ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍തന്നെ വാര്‍ധക്യകാല പെന്‍ഷന്‍ 1,000 രൂപ നല്‍കുന്നുണ്ട്. ഇതുകൂടാതെ മറ്റ് ചില പദ്ധതികളും ചില സംസ്ഥാനങ്ങളിലുണ്ട്. ഇതെല്ലാം ഒരുനിയമത്തിന്‍കീഴില്‍ കൊണ്ടുവരും. ഇതിനുവേണ്ടിയാണ് പുതിയ തൊഴില്‍ നയത്തിനുള്ള നടപടി തുടങ്ങിയതെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
2014ല്‍ മോദി അധികാരത്തില്‍ വന്നയുടന്‍ രാജ്യത്തെ 44 തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വ്യാവസായിക ബന്ധങ്ങള്‍, കൂലി, സാമൂഹിക സുരക്ഷിതത്വം, തൊഴില്‍രംഗത്തെ സുരക്ഷ, ആരോഗ്യരംഗത്തെയും തൊഴിലിടങ്ങളിലെയും അവസ്ഥ തുടങ്ങിയവയെല്ലാം ഏകീകരിച്ച് ഒരു സൗഹൃദാന്തരീക്ഷം നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോഡ് ഓഫ് വേജസ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. 1948ലെ മിനിമം വേജസ് ആക്ട്, 1936ലെ പെയ്‌മെന്റ് ഓഫ് വേജസ് ആക്ട്, 1965ലെ പെയ്‌മെന്റ് ഓഫ് ബോണസ് ആക്ട്, 1976ലെ ഈക്വല്‍ റെമ്യൂണറേഷന്‍ ആക്ട് എന്നിവ സംയോജിപ്പിക്കാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. തൊഴിലാളി സംഘടനകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടപ്പാക്കാനായില്ല.
2011- 12 വര്‍ഷത്തില്‍ ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വേയില്‍ രാജ്യത്തെ 83 ശതമാനം തൊഴിലാളികളും ജോലിചെയ്യുന്നത് അസംഘടിത മേഖലയിലാണെന്ന് കണ്ടെത്തിയിരുന്നു. സംഘടിതമേഖലയിലെ തൊഴിലാളികള്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കുകീഴില്‍ വരുമ്പോള്‍ ബഹുഭൂരിപക്ഷം തൊഴിലാളികളും ഇതിന് പുറത്താണെന്നതാണ് പുതിയ നിയമനിര്‍മാണത്തിന് കേന്ദ്രത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."