സാമ്പത്തിക പരിഷ്‌കരണം; ഐ.സി.സിയെ എതിര്‍ത്ത് ബി.സി.സി.ഐ
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ സാമ്പത്തിക ഭരണ പരിഷ്‌കാര നടപടികള്‍ എതിര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ഐ.സി.സി യോഗത്തില്‍ ആദായനികുതി സംബന്ധിച്ച പരിഷ്‌കരണ നടപടികളെന്ന ആശയത്തില്‍ നടത്തിയ പ്രാഥമിക വോട്ടെടുപ്പില്‍ ബി.സി.സി.ഐ എതിര്‍ത്ത് വോട്ടു ചെയ്തു. ഇന്ത്യക്കു പുറമേ ശ്രീലങ്കയും എതിര്‍പ്പ് പ്രകടിപ്പിച്ചു. അതേസമയം പാകിസ്താന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ എന്നിവര്‍ അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ സിംബാബ്‌വേ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
സുപ്രിം കോടതി ബി.സി.സി.ഐ ഭരണത്തിനായി നിയമിച്ച വിക്രം ലിമായെയാണു ബോര്‍ഡിന്റെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്തത്. സ്ഥാനമേറ്റെടുത്ത ഉടനെയാണ് ഐ.സി.സി യോഗത്തില്‍ പങ്കെടുത്തത്. സാമ്പത്തിക പരിഷ്‌കരണം സംബന്ധിച്ചുള്ള പുതിയ തീരുമാനത്തെ ഒറ്റയടിക്ക് പിന്തുണക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ല. വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നു ലിമായെ വ്യക്തമാക്കി. വരുന്ന ഏപ്രില്‍ മാസം നടക്കുന്ന യോഗത്തില്‍ വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടക്കും.
അന്താരാഷ്ട്ര മത്സരങ്ങളില്‍ ഡി.ആര്‍.എസ് സിസ്റ്റം മാറ്റമില്ലാതെ നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ടെസ്റ്റ്, ഏകദിന പോരാട്ടങ്ങള്‍ ലീഗടിസ്ഥാനത്തില്‍ നടത്തുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. ഐ.സി.സിയില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തുന്നതും കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരവും കൂടുതല്‍ സുതാര്യമായി നടത്താനും വിഷയങ്ങള്‍ വിശദമായി ഏപ്രില്‍ മാസത്തെ യോഗത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യാനും ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."