പാഴ്‌വസ്തുക്കള്‍ക്കൊണ്ട് പൂന്തോട്ടം നിര്‍മിക്കാം
തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളും അരിക്‌പൊട്ടിയ ബക്കറ്റുകളും കുടങ്ങളും വലിച്ചെറിയാന്‍ വരട്ടെ. കുറച്ചു സമയം മാറ്റിവച്ചാല്‍ വീട്ടിലെ പൂന്തോട്ടത്തിലേക്ക് വില കൊടുത്തു വാങ്ങുന്ന ചെടിചെട്ടികള്‍ക്ക് പകരം ഇവയെ ഉപയോഗിക്കാം.
ഉപയോഗശൂന്യമെന്നു തോന്നുന്ന വസ്തുക്കള്‍ മിഴിവാര്‍ന്ന അലങ്കാര വസ്തുക്കളായി മാറുന്ന കാഴ്ചയാണ് വസന്തോത്സവം 2018 ന്റെ വേദിയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പാഴ് വസ്തുക്കളായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലും തകരപാട്ടകളിലും ടിന്നുകളിലുമെല്ലാം വളര്‍ന്നു നില്‍ക്കുന്ന മനോഹര പുഷ്പങ്ങള്‍ സുഗന്ധം ഇവിടെ പരത്തുന്നുണ്ട്.
സീറോ വേസ്റ്റ് ഗാര്‍ഡന്‍ മാനേജ്‌മെന്റിന്റെ ഉത്തമമാതൃകയാണ് കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മനോഹരമായ പൂന്തോട്ടം. വലിച്ചെറിയുന്ന വസ്തുക്കള്‍ കൊണ്ട് വീടിന്റെ ഭംഗികൂട്ടുന്ന വര്‍ണപുഷ്പങ്ങളുടെ ഒരു പൂന്തോട്ടം ആണ് ഇവിടെയുള്ളത്.പ്ലാസ്റ്റിക് കുപ്പികള്‍ മുതല്‍ ചെരുപ്പുകളില്‍ വരെ പൂക്കളെ വളര്‍ത്താനാകുമെന്നത് ഇവിടെ കാണാം.
പി.വി.സി പൈപ്പുകളില്‍ നിര്‍മിച്ചിരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ആധുനിക പൂന്തോട്ട നിര്‍മാണത്തില്‍ കൊണ്ടുവരാവുന്ന മികച്ച മാതൃകയാണ്. വണ്ടിപ്പെരിയാറിലെ ഫാം സൂപ്രണ്ടായ എന്‍.എസ് ജോഷിന്റെ നേതൃത്വത്തിലാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.
നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കള്‍ എല്ലാ വീടുകളിലും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്രകൃതിയോടു ഇണങ്ങി നില്‍ക്കുന്ന രീതിയിലാണ് മേള ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."