ലോ അക്കാദമി ഭൂമി പ്രശ്നം എല്‍.ഡി.എഫിന് വിട്ടു
തിരുവനന്തപുരം: ലോ അക്കാദമി ഭൂമി പ്രശ്നം എല്‍.ഡി.എഫിന്റെ പരിഗണനക്കു വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
റവന്യൂ വകുപ്പിന്റെ അന്വേഷണ സംഘം മന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് സി.പി.ഐ മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും അജന്‍ഡയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ചര്‍ച്ചയ്ക്കെടുത്തില്ല.
ഭൂമി പ്രശ്നം സംബന്ധിച്ചു ഭരണ പരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് നല്കിയ പരാതിയെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് റവന്യൂ സെക്രട്ടറിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്.
റവന്യൂ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനത്തിലെത്താമെന്നാണ് മന്ത്രിസഭാ യോഗത്തിലുണ്ടായ ധാരണ.
റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന് നല്കിയ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയമ വകുപ്പിനും, രജിസ്ട്രേഷന് വകുപ്പിനും ഫയല്‍ കൈമാറാനും യോഗം തീരുമാനിച്ചു.
ട്രസ്റ്റിന്റെ രജിസ്ട്രേഷന് സംബന്ധിച്ച് പരിശോധിക്കാന്‍ പി.എച്ച് കുര്യനെ ചുമതലപ്പെടുത്തി. ലോ അക്കാദമിക്ക് അനുവദിച്ച ഭൂമിയില്‍ ആറര ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നുള്പ്പെടെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് റവന്യൂ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
സൊസൈറ്റിയുടെ രജിസ്ട്രേഷന് സംബന്ധിച്ചുള്ള നിയമവശങ്ങളും രൂപീകരണസമയത്തെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്നതും പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് റവന്യൂ സെക്രട്ടറിയോട് മന്ത്രി ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
രജിസ്ട്രേഷന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ഫയല്‍ മന്ത്രി ജി.സുധാകരന് നല്‍കിയതായും കാന്റീനും കവാടവും ഒഴിപ്പിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ഭൂമി തിരിച്ചെടുക്കുന്നതിന്റെ സാധുത പരിശോധിക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."