എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍
കൊട്ടാരക്കര: അധികാരമേറ്റ പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണം കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. പി. അയിഷാ പോറ്റി ഭരണകക്ഷി എം.എല്‍.എ ആയത് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരക്കര നിവാസികള്‍.
നിര്‍മാണ പ്രവര്‍ത്തനം മുടങ്ങിയതിനാല്‍ സിവില്‍ സ്റ്റേഷനുവേണ്ടി പണിത കെട്ടിടം കാടുമൂടിയ സ്ഥിതിയിലാണ്. കരാറുകാര്‍ക്ക് തുക മാറി കിട്ടാനുള്ള കാലതാമസമാണ് നിര്‍മാണം മുടക്കിയത്. കഴിഞ്ഞ തവണ പ്രതിപക്ഷ എം.എല്‍.എ ആയിരുന്നതിനാല്‍ തുക മാറിക്കിട്ടുന്നതിന് ഐഷാ പോറ്റിയ്ക്ക് കാര്യമായി ഇടപെടാന്‍ കഴിഞ്ഞിരുന്നില്ലത്രെ. അന്നത്തെ ഭരണകക്ഷിയിലെ നേതാക്കള്‍ ഇതിനെതിരായി ചരട് വലിച്ചെന്നും ആക്ഷേപമുണ്ടായിരുന്നു.
മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതും കാത്ത് 25ല്‍പ്പരം സര്‍ക്കാര്‍ ഓഫിസുകളാണ് താലൂക്കിലെ വിവിധയിടങ്ങളില്‍ വാടകക്കെട്ടിടങ്ങളില്‍ വീര്‍പ്പുമുട്ടുന്നത്. കഴിഞ്ഞ ഇടത് സര്‍ക്കാര്‍ 9.65 കോടിരൂപയാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനായി അനുവദിച്ചത്. രണ്ടാമത് നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം രണ്ട് കോടി രൂപ കൂടി അനുവദിച്ചാണ് നിര്‍മാണം ഇവിടെ വരെ എത്തിച്ചത്. ഇതില്‍ പെടുന്ന തുക മാറി ലഭിക്കുന്നതിലാണ് കാലതാമസം നേരിട്ടത്. ഇത് ശരിയ്ക്കും കരാറുകാരെ വലച്ചു.
2011 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് സിവില്‍ സ്റ്റേഷന് ശിലാസ്ഥാപനം നടത്തിയത്. എറണാകുളത്തെ സ്വകാര്യ കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. മൂന്ന് നിലകളുള്ള കെട്ടിടം പൂര്‍ത്തിയായിട്ടുണ്ട്. ഇനി ഫിനിഷിങ് ജോലികളാണ് നടക്കേണ്ടത്. താഴത്തെ നില പാര്‍ക്കിങ് സ്ഥലവും താലൂക്ക് ഓഫീസുമായി ഉപയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.മുകളിലത്തെ നിലകള്‍ മറ്റു സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നല്‍കും. സ്ഥല ലഭ്യത പരിഗണിച്ചശേഷം കൂടുതല്‍ ഓഫിസുകളും ഇവിടേക്ക് മാറ്റാമെന്നും നിശ്ചയിച്ചിരുന്നു.
താലൂക്ക് ഓഫിസ് നിലവില്‍ തൃക്കണ്ണമംഗലിലെ കെ.ഐ.പി വക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജോ. ആര്‍.ടി. ഓഫിസ്, താലൂക്ക് സപ്‌ളൈ ഓഫിസ്, ലീഗല്‍ മെട്രോളജി ഓഫിസ്, സ്റ്റാറ്റിറ്റിക്‌സ് ഓഫീസ്, ലേബര്‍ ഓഫീസ് തുടങ്ങിയവയും വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയൊക്കെ ഒരു കൂരക്ക് കീഴിലാകുന്നതോടെ വാടക ഇനത്തില്‍ സര്‍ക്കാരിന് മാസം ലക്ഷങ്ങള്‍ ലാഭിക്കാനാകും. ഒപ്പം പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകളും മാറും.
എല്ലാം ശരിയാക്കുമെന്നു പറയുന്ന സര്‍ക്കാര്‍ സിവില്‍ സ്റ്റേഷന്‍ കൂടി ശരിയാക്കിത്തരുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരക്കര നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."