ജി.എസ്.ടി: 82 ഇനങ്ങളുടെ നികുതി ഒഴിവാക്കി
ന്യൂഡല്‍ഹി: കേന്ദ്രബജറ്റിനു മുന്നോടിയായി ചേര്‍ന്ന ജി.എസ്.ടി ഉന്നതാധികാരസമിതി യോഗം നിര്‍ണായക തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞു. 29 ഉല്‍പന്നങ്ങളുടെയും 53 സേവനങ്ങളുടെയും നികുതി ഒഴിവാക്കാനുള്ള തീരുമാനം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു. 29 കരകൗശല ഉല്‍പന്നങ്ങളുടെ നികുതി പൂര്‍ണമായും ഒഴിവാക്കിയ തീരുമാനം അംഗീകരിച്ചതിനൊപ്പം മറ്റു കരകൗശല വസ്തുക്കളുടെ നികുതി കുറയ്ക്കുകയും ചെയ്തു. ജി.എസ്.ടിയുടെ പരിധിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്നലെ തീരുമാനമായില്ല. പെട്രോളിയം ഉല്‍പന്നങ്ങളും റിയല്‍ എസ്റ്റേറ്റും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. റിയല്‍ എസ്റ്റേറ്റ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ മാസം അവസാനം വീണ്ടും യോഗം ചേരുമെന്നും റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി ഫയലിങ് ലളിതവും എളുപ്പവുമാക്കുന്നതിനെ കുറിച്ചും അടുത്ത യോഗത്തില്‍ ചര്‍ച്ചചെയ്യും.
ഡയമണ്ടിന്റെ നികുതി മൂന്ന് ശതമാനത്തില്‍ നിന്ന് 2.5 ശതമാനമാക്കി കുറച്ചു. മധുര പലഹാരങ്ങള്‍, ഉപയോഗിച്ച കാര്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവയുടെ നികുതി കുറയ്ക്കും. സാനിറ്ററി നാപ്കിന് നികുതി ഇല്ലാതാക്കണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ല. നാപ്കിന്‍ നിര്‍മാണത്തില്‍ ചൈനീസ് ഇറക്കുമതി വസ്തുക്കള്‍ അടക്കം ഉപയോഗിക്കുന്ന സാഹചര്യത്തില്‍ നികുതി ഒഴിവാക്കാനാകില്ലെന്ന് മറ്റ് സംസ്ഥാനങ്ങള്‍ ശഠിച്ചു. എന്നാല്‍ കുടുംബശ്രീ അടക്കമുള്ളവ നാപ്കിന്‍ നിര്‍മാണവുമായി രംഗത്തുള്ള സാഹചര്യത്തില്‍ നികുതി കുറയ്ക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
ഇ-വേ ബില്ലുകളുടെ കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇതു പ്രകാരം ഫെബ്രവരി ഒന്ന് മുതല്‍ ഇ-വേ ബില്ലുകള്‍ നിര്‍ബന്ധമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."