പുതിയ തൊഴില്‍ നിയമത്തിനെതിരെ സ്വദേശികളും രംഗത്ത്
ജിദ്ദ: സഊദിയില്‍ തൊഴില്‍ നിയമത്തിലെ 77ആം വകുപ്പ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി സ്വദേശി തൊഴിലാളികള്‍ രംഗത്ത്. ഈ വകുപ്പിലൂടെ സ്വകാര്യമേഖലയിലെ തൊഴിലാളികളെ എപ്പോള്‍ വേണമെങ്കിലും കരാര്‍ റദ്ദാക്കി പറഞ്ഞ് വിടാനാകും. എന്നാല്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഈ വകുപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് ഇതിനകം 800 പരാതികള്‍ ലഭിച്ച് കഴിഞ്ഞതായി ശൂറാ കൗണ്‍സില്‍ അധ്യക്ഷന്‍ ഷെയ്ഖ് അബ്ദുളള അല്‍ അഷെയ്ഖ് പറഞ്ഞു.
നിരവധി കുറഞ്ഞ വരുമാനക്കാരെയും വന്‍ തോതില്‍ പിരിച്ച് വിടുന്നതായി ശൂറാ കൗണ്‍സിലിലെ മനുഷ്യാവകാശ സമിതിയുടെ തലവന്‍ നിഷാദ് അള്‍ ജിഷി പറഞ്ഞു. അതുകൊണ്ട് തന്നെ ആ വകുപ്പ് നീക്കം ചെയ്താല്‍ അവര്‍ക്ക് അത് ആശ്വാസകരമാകും. മുന്‍ തൊഴില്‍ നിയമം സഊദി തൊഴിലാളികളെ സംരക്ഷിച്ചിരുന്നു. എന്നാല്‍ പുതിയ നിയമം ഉത്പാദനക്ഷമതയെ ആശ്രയിച്ചുളള ഒരു തൊഴിലാളി മുതലാളി ബന്ധമായി മാറിയിരിക്കുന്നുവെന്നും എഴുത്തുകാരനായ ഖാലിദ് അള്‍ സുലൈമാന്‍ കുറ്റപ്പെടുത്തി. പുതിയ വകുപ്പ് നീക്കം ചെയ്യണമെന്നും കൂടുതല്‍ പഠനം നടത്തിയ ശേഷം പുതിയ നിയമം ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നാണ് ശൂറാ കൗണ്‍സില്‍ അംഗമായ സാമിയ ബുക്കാരിയുടെ അഭിപ്രായം. ഇത്തരം പ്രശ്‌നങ്ങള്‍ തൊഴില്‍ നിയമലംഘന സമിതികള്‍ പരിശോധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തൊഴിലാളി മുതലാളി ബന്ധം സന്തുലിതത്വം പാലിക്കാന്‍ പുതിയ വകുപ്പ് ഗുണം ചെയ്യുമെന്നാണ് അഹമ്മദ് അല്‍ ഹര്‍സാനി മക്ക ന്യൂസില്‍ എഴുതിയത്. തൊഴിലാളി അമിതമായി സംരക്ഷിക്കപ്പെടുമ്പോള്‍ ഉത്പാദന ക്ഷമത കുറയുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തൊഴിലാളിയെ പിരിച്ച് വിടല്‍ സുഗമമാകുന്നതോടൊപ്പം അവകാശങ്ങളെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്. അത് കൊണ്ട് തന്നെ തൊഴില്‍ സമിതികളുമായി ബന്ധപ്പെടേണ്ട ആവശ്യവുമില്ല. നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന കാര്യം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ചൊവ്വാഴ്ച തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച സ്വദേശികളുമായി ശൂറാ കൗണ്‍സില്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ നേരിടുന്ന പ്രതിബന്ധങ്ങളും ഇവക്ക് പരിഹാരം കാണുന്നതിനുള്ള നിര്‍ദേശങ്ങളും വിശകലനം ചെയ്തു. ഇതിനു പുറമെ സ്വദേശി ജീവനക്കാരുടെ താത്പര്യങ്ങള്‍ ഹനിക്കുന്ന തൊഴില്‍ നിയമത്തിലെ വിവാദ വകുപ്പികള്‍ ഭേദഗതി ചെയ്യണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഒന്നടക്കം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."