ഇസ്റാഈലും ഫലസ്തീനും അംഗീകരിച്ചാല്‍ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്താങ്ങും: മൈക്ക് പെന്‍സ്
കെയ്റോ: ഇസ്റാഈലും ഫലസ്തീനും അംഗീകരിച്ചാല്‍ ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയെ പിന്തുണക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പെന്‍സ് കെയ്റോയിലെത്തിയത്.
ജറൂസലം പ്രഖ്യാപനത്തിനു പിറകെ ഒരു മുതിര്‍ന്ന അമേരിക്കന്‍ നേതാവ് നടത്തുന്ന ആദ്യ പശ്ചിമേഷ്യന്‍ സന്ദര്‍ശനമാണ് പെന്‍സിന്റേത്. അതിനാല്‍ ഏറെ ശ്രദ്ധാപൂര്‍വമാണു രാഷ്ട്രീയവൃത്തങ്ങള്‍ സന്ദര്‍ശനത്തെ നോക്കിക്കാണുന്നത്. ജോര്‍ദാന്‍, ഇസ്റാഈല്‍ എന്നിവിടങ്ങളിലും പെന്‍സ് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നുണ്ട്. ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തെ ഈജിപ്തും ജോര്‍ദാനും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫലസ്തീന് സന്ദര്‍ശനവും യാത്രയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫലസ്തീന് അധികൃതര്‍ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് പദ്ധതി റദ്ദാക്കുകയായിരുന്നു.
ജറൂസലം വിഷയത്തില്‍ സീസി ഉയര്‍ത്തിയ എതിര്‍പ്പിനെ സുഹൃത്തുക്കള്‍ക്കിടയിലുള്ള വിയോജിപ്പായി മാത്രമേ നോക്കിക്കാണുന്നുള്ളൂവെന്ന് പെന്‍സ് പറഞ്ഞു. ജറൂസലം വിഷയത്തില്‍ തല്‍സ്ഥിതി തുടരാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് സീസിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പെന്‍സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."