രാജിവ് ഗാന്ധി വധം: പേരറിവാളന്റെ ഹരജിയില്‍ സുപ്രിം കോടതി സി.ബി.ഐയുടെ നിലപാട് തേടി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പേരറിവാളന്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി സി.ബി.ഐയുടെ നിലപാട് തേടി. പേരറിവാളന്‍ പ്രതിയാണെന്ന് ശരിവച്ച 1999ലെ വിചാരണക്കോടതി ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍. ഭാനുമതി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നടപടി. മൂന്നാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നോട്ടിസിലെ ആവശ്യം. സുപ്രിംകോടതിയില്‍ നടന്ന 'വഞ്ചനാപരമായ കളിയാണ്' തന്നെ കുറ്റവാളിയാക്കിയതിന് പിന്നിലെന്നാണ് പേരറിവാളന്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്. 19 വയസ്സുകാരനായിരുന്ന പേരറിവാളനെ രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുവില്‍ ഉപയോഗിക്കാനുള്ള ഒമ്പത് വോള്‍ട്ടിന്റെ രണ്ടു ബാറ്ററി പ്രതികള്‍ക്കു കൈമാറിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം.
കേസന്വേഷിച്ചിരുന്ന സി.ബി.ഐയുടെ അന്നത്തെ എസ്.പി വി. ത്യാഗരാജന്‍ രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പേരറിവാളനെ ശിക്ഷിച്ചത്. ഇതിനിടെ നവംബറില്‍ സുപ്രിംകോടതിയില്‍ അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തില്‍, താന്‍ രേഖപ്പെടുത്തിയ മൊഴിയില്‍ പേരറിവാളന്‍ പറഞ്ഞ പല ഭാഗങ്ങളും ഒഴിവാക്കിയെന്ന് ത്യാഗരാജന്‍ വെളിപ്പെടുത്തുകയുണ്ടായി. ബാറ്ററി വാങ്ങുമ്പോള്‍ എന്ത് ആവശ്യത്തിനായിരുന്നുവെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്നതടക്കമുള്ള നിര്‍ണായക പരാമര്‍ശങ്ങളായിരുന്നു രേഖപ്പെടുത്താതെ ത്യാഗരാജന്‍ വിട്ടുകളഞ്ഞത്. ഇതേതുടര്‍ന്നാണ് രാജീവ് വധക്കേസ് പുനരന്വേഷിക്കണമെന്നും തനിക്കെതിരേ കുറ്റം ചുമത്തിയത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന്‍ വീണ്ടും ഹരജി നല്‍കിയത്. കേസില്‍ അടുത്തമാസം 21നു കൂടുതല്‍ വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."