മുജാഹിദ് വിഭാഗങ്ങള്‍ തുറന്ന പോരിന്; യുവജന കാംപയിനുമായി ഇരുവിഭാഗവും
കോഴിക്കോട്: മുജാഹിദ് ഭിന്നത രൂക്ഷമാവുന്നതിനിടയില്‍ യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ പേരില്‍ ഇരു വിഭാഗങ്ങളും കാംപയിനുമായി രംഗത്ത്. ഔദ്യോഗിക വിഭാഗത്തോടൊപ്പമുള്ള ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യൂത്ത് അസംബ്ലിക്ക് ഇന്ന് കോഴിക്കോട്ട് തുടക്കമാവും. ഈ മാസം 29 വരെയാണ് ജില്ലാ കേന്ദ്രങ്ങളിലും പ്രധാന നഗരങ്ങളിലും യൂത്ത് അസംബ്ലി ഒരുക്കുന്നത്. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 4.30ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷതവഹിക്കുമെന്ന് ഔദ്യോഗിക വിഭാഗത്തിന്റെ പത്രകുറിപ്പില്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
മുജാഹിദ് ഔദ്യോഗിക നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച് മര്‍കസുദ്ദഅ്‌വ ഐ.എസ്.എം സംസ്ഥാന സമിതി ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന യുവജാഗ്രതാ സംഗമങ്ങള്‍ നാളെയാണ് നടക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം കുറ്റിപ്പുറം ബസ് സ്റ്റാന്റ് പരിസരത്ത് ഐ.എസ്.എം സംസ്ഥാന ജന.സെക്രട്ടറി ജാബിര്‍ അമാനി നിര്‍വഹിക്കും. കഴിഞ്ഞദിവസം കോഴിക്കോട് നടന്ന ഗോള്‍ഡന്‍ ജൂബിലി കാംപയിനില്‍ വിലക്ക് ലംഘിച്ച് പഴയ മടവൂര്‍ വിഭാഗത്തിലെ സി.പി ഉമര്‍ സുല്ലമി ഉള്‍പ്പെടെയുള്ള പ്രമുഖനേതാക്കള്‍ സംബന്ധിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കെ.എന്‍.എമ്മിനു കഴിഞ്ഞില്ല.
മര്‍കസുദ്ദഅ്‌വ വിഭാഗം സംഗമം കണ്ണൂരില്‍ സതീശന്‍ പാച്ചേനി, വയനാട്ടില്‍ കെ.ജെ.യു സംസ്ഥാന സെക്രട്ടറി ജമാലുദ്ദീന്‍ ഫാറൂഖി, കോഴിക്കോട് സൗത്തില്‍ ഫൈസല്‍ നന്മണ്ട, നോര്‍ത്തില്‍ മുന്‍ എം.എല്‍.എ യു.സി രാമന്‍, മലപ്പുറം ഈസ്റ്റില്‍ പി.വി അന്‍വര്‍ എം.എല്‍.എ, പാലക്കാട് ഫുക്കാറലി, തൃശൂരില്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍, എറണാകുളത്ത് ഹൈബി ഈഡന്‍ എം.എല്‍.എ, ആലപ്പുഴയില്‍ അഡ്വ. എം ലിജു, കോട്ടയത്ത് നാസര്‍ മുണ്ടക്കയം, അരീക്കോട് പി. സുരേന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ഐ.എസ്.എം രൂപീകൃതമായി 50 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷം നീളുന്ന ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ക്കും പഴയമടവൂര്‍ വിഭാഗത്തോട് ആഭിമുഖ്യമുള്ള കെ.എന്‍.എം. മര്‍കസുദ്ദഅ്‌വ വിഭാഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
അതിനിടെ കോഴിക്കോട്ട് ഇന്നും മറ്റു സ്ഥലങ്ങളില്‍ തുടര്‍ ദിവസങ്ങളിലും യൂത്ത് അസംബ്ലി നടത്താനാണ് ഔദ്യോഗിക വിഭാഗത്തിന്റെ പദ്ധതി. കോഴിക്കോട് സി.ഡി ടവറില്‍ ചേര്‍ന്ന കെ.എന്‍.എം സെക്രട്ടേറിയറ്റ്, ഉന്നതാധികാര സമിതി, ആലോചന സഭ എന്നിവ യൂത്ത് അസംബ്ലിയുടെ പരിപാടികള്‍ക്ക് അംഗീകാരം നല്‍കി. ഐ.എസ്.എം, എം.എസ്.എം. സംയുക്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."