ഇരുമുന്നണികളും നെഞ്ചേറ്റിയ നൂറുദ്ദീന്‍
കണ്ണൂര്‍: രാഷ്ട്രീയ എതിരാളികളോടു നിറഞ്ഞു ചിരിയോടെയായിരുന്നു എന്നും മുന്‍മന്ത്രി കെ.പി നൂറുദ്ദീന്റെ പെരുമാറ്റം. അതുകൊണ്ടു തന്നെ ഇടതു മുന്നണികള്‍ ഒരുമണ്ഡലത്തില്‍ നിന്നു ജയിപ്പിച്ചയച്ച ചരിത്രമാണു കെ.പി നൂറുദ്ദീന്റേത്. പേരാവൂര്‍ മണ്ഡലം രൂപീകൃതമായ 1977 മുതല്‍ അഞ്ചുതവണയാണു നൂറുദ്ദീന്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1977ല്‍ സി.പി.എമ്മിലെ ഇ.പി കൃഷ്ണന്‍ നമ്പ്യാരെ 4984 വോട്ടിനു തോല്‍പിച്ച നൂറുദ്ദീന്‍ 1980ല്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് പിളര്‍ന്നിരുന്നു.
എ.കെ ആന്റണിക്കൊപ്പം കോണ്‍ഗ്രസി (യു) ലെത്തിയ നൂറുദ്ദീന്‍ ഇടതുമുന്നണിയുടെ പിന്തുണയോടെ അത്തവണ ലീഡര്‍ കെ കരുണാകരന്റെ അനുയായിയായ സി.എം കരുണാകരന്‍ നമ്പ്യാരെ 14116 വോട്ടിനു തോല്‍പിച്ചു. 1982ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച നൂറുദ്ദീന്‍ എതിര്‍സ്ഥാനാര്‍ഥി പി രാമകൃഷ്ണനെ 126 വോട്ടിനാണ് അടിയറവ് പറയിച്ചത്. 1987ലും 1991ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ നിന്നു വീണ്ടും ജനവിധി തേടിയ നൂറുദ്ദീന്‍ കടന്നപ്പള്ളി രാമചന്ദ്രനെയാണു തോല്‍പിച്ചത്. 1996ല്‍ എല്‍.ഡി.എഫിലെ കെ.ടി കുഞ്ഞഹമ്മദിനോടു പരാജയവും ഏറ്റുവാങ്ങേണ്ടി വന്നു. 2001ല്‍ കെ.പി നൂറുദ്ദീനെ വീണ്ടും പേരാവൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നുവെങ്കിലും ലീഡറുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന്റെ അനുയായിരുന്ന പ്രൊഫ. എ.ഡി മുസ്തഫയ്ക്കു സീറ്റുനല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."