വീണ്ടും കാട്ടാന ശല്യം; ഭീതിയൊഴിയാതെ ഉളിയത്തടുക്ക
ബേഡകം: അധ്വാനിച്ചുണ്ടാക്കിയ കാര്‍ഷിക വിളകള്‍ മുഴുവന്‍ കാട്ടാനകള്‍ നശിപ്പിക്കുന്നതു കണ്ണീരോടെ നോക്കി നില്‍ക്കേണ്ട ഗതികേടിലാണ് ഉളിയത്തടുക്കയിലെ കര്‍ഷകര്‍. ബേഡകം പഞ്ചായത്തിലെ എരിഞ്ഞിപ്പുഴ ഉളിയത്തടുക്കയിലാണു കഴിഞ്ഞ ദിവസം വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. കൃഷ്ണന് നായര്‍, മാധവന് നായര്‍ തുടങ്ങിയവരുടെ തോട്ടത്തില്‍ അര്‍ധരാത്രിയോടെ ഇറങ്ങിയ ആനക്കൂട്ടം തെങ്ങ്, കവുങ്ങ്, വാഴ ജലസേചനത്തിനായി സ്ഥാപിച്ച പൈപ്പുകള്‍ എന്നിവ വ്യാപകമായി തകര്‍ത്തെറിഞ്ഞു.
വീട്ടുമുറ്റം വരെ എത്തിയ ആനകളുടെ അക്രമത്തില്‍ നിന്നു ഭാഗ്യം കൊണ്ടാണ് ഈ കുടുംബത്തിന്റെ ജീവന് രക്ഷപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ നാലാം തവണയാണ് ഈ ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ ശല്യം ഉണ്ടാവുന്നത്. കൂട്ടമായും ഒറ്റതിരിഞ്ഞുമെത്തുന്ന ഇവര്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി കൃഷികള്‍ നശിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശങ്ങളില്‍ കാട്ടാനകളുടെ ശല്യമുണ്ടായിരുന്നു.
വേനല്‍ ശക്തമാവുന്നതോടെ കൂടുതല്‍ ആനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുമെന്ന ഭീതിയിലാണ് ജനം. ഏതാനും ദിവസം മുമ്പ് കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ബോഡകം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടങ്ങള്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."