എഴുത്തുകാരന്റെ നാവിനിടുന്ന കൂച്ചുവിലങ്ങു തകര്‍ക്കാന്‍ കഴിയണം: സച്ചിദാനന്ദന്
നീലേശ്വരം: എഴുത്തുകാരന്റെ നാവിനിടുന്ന കൂച്ചുവിലങ്ങുകളെ തകര്‍ക്കാന്‍ കഴിയണമെന്നു കവി സച്ചിദാനന്ദന്. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ നടക്കുന്ന കാവ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണു ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സത്യം പറയാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണു കവിത നവീകരിക്കപ്പെടുന്നത്. അനിവാര്യതയാണു കവിതയെ മറ്റു കലാരൂപങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.
അധിനിവേശത്തിനെതിരായി കവിതകളെഴുതിയ പിയുടെ നാട്ടില്‍ നടക്കുന്ന കാവ്യമഹോത്സവം നിലവിലുള്ള അധിനിവേശങ്ങള്ക്കെതിരേയുള്ള ചെറുത്തു നില്പ്പാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നീതിബോധത്തിന്റെയും സൗന്ദര്യബോധത്തിന്റെയും അനുസ്യൂതമായ സംഭാഷണമാണു കവിത. നിലനില്‍ക്കുന്ന നീതിബോധത്തെ മുന്നോട്ടു വച്ച്, മാറ്റിനിര്ത്തപ്പെടുന്നവയെപ്പോലും ചേര്‍ത്തുവയ്ക്കുകയാണു കവിത ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അശാന്തിയുടെ ഊര്‍ജത്തില്‍ നിന്നാണു കവിതയുണ്ടാകുന്നതെന്നു കാവ്യമഹോത്സവത്തില് മുഖ്യാതിഥിയായി പങ്കെടുത്ത കവി കെ.ജി ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. ഫാഷിസത്തിനെതിരേയുള്ള വെല്ലുവിളിയായി കവിത മാറണമെന്നും ഇടമില്ലാതാകുന്നതിനെതിരേയുള്ള പ്രതിരോധം സാഹിത്യലോകത്തു ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."