കല്ലൂര്‍ കൊമ്പനെ ഇന്ന് പറമ്പിക്കുളത്തേക്ക് കൊണ്ടുപോകും
സുല്‍ത്താന്‍ ബത്തേരി: ജനവാസ മേഖലയില്‍ നാശം വിതച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന് മയക്കുവെടിവച്ച് മുത്തങ്ങ ആനപ്പന്തിയില്‍ തളച്ച കല്ലൂര്‍ കൊമ്പനെ ഇന്ന് ഉച്ചയോടെ പറമ്പിക്കുളത്തേക്ക് കൊണ്ടുപോകും. വനംവകുപ്പ് അഡീഷനല്‍ ചീഫ്‌സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. അക്രമ സ്വഭാവം കാണിക്കുന്നതിനാല്‍ മരുന്ന് കുത്തിവച്ച് മയക്കിയാണ് ആനയെ കൊണ്ടുപോകുക. വയനാട്ടില്‍ നിന്ന് ഡോക്ടര്‍, കുങ്കിയാനകളടക്കമുള്ള എല്ലാവിധ സന്നാഹങ്ങളോടുംകൂടി പറമ്പിക്കുളത്തെത്തിച്ച് തുറന്ന് വിടണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ചൂടുകാലമായതിനാല്‍ മയക്കി ലോറിയില്‍ നിര്‍ത്തി കൊണ്ടുപോകുന്നത് ആനയുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വയനാട്ടില്‍ നിന്നു പിടികൂടിയ ആനയെ പറമ്പിക്കുളത്തെത്തിച്ച് തുറന്നുവിട്ടെങ്കിലും കുറച്ച് മാസങ്ങള്‍ക്കകം അത് ചരിഞ്ഞിരുന്നു. ആനയെ തുറന്നുവിടുക മാത്രമാണ് അന്ന് ചെയ്തത്.
ആവശ്യമായ നടപടികള്‍ ക്രമീകരിച്ചിരുന്നില്ല. അതിനാല്‍ കല്ലൂര്‍ കൊമ്പനെ തുറന്നുവിടുമ്പോള്‍ എല്ലാ കാര്യങ്ങളും സജ്ജീകരിച്ചതിനുശേഷം മാത്രമേ തുറന്നുവിടാവൂ എന്ന് വനംവകുപ്പ് അഡീഷനല്‍ചീഫ് സെക്രട്ടറി ഉത്തവിറക്കിയത്.
കഴിഞ്ഞ നവംബര്‍ 22നാണ് കല്ലൂര്‍ 67ല്‍ വച്ച് 26വയസുള്ള കൊമ്പനെ വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലാക്കിയത്. സ്ഥിരമായി പ്രദേശത്ത് ഇറങ്ങി വിളകള്‍ നശിപ്പിക്കുകയും കര്‍ഷകനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ദേശീയപാത ഉപരോധം അടക്കം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."