ഗൗരി ലങ്കേഷ് വധം: എസ്.ഐ.ടി അന്വേഷണം അന്തിമഘട്ടത്തിലെന്ന് സഹോദരി
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.ഐ.ടി അന്വേഷണം അവസാന ഘട്ടത്തിലെന്ന് സഹോദരി കവിത ലങ്കേഷ്. കര്‍ണാടക സര്‍ക്കാരാണ് ഗൗരിയുടെ അന്വേഷണം എസ്.ഐ.ടിയെ ഏല്‍പ്പിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണപുരോഗതി സംഘം അറിയിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ കേസന്വേഷണം അവസാനിക്കുമെന്ന് കരുതുന്നുവെന്നും കവിത പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ 56ാം ജന്മദിനവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ സംഘടിപ്പിച്ച സങ്കല്‍പ്പ് ദിവസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് ബംഗളൂരുവിലെ വസതിക്കുമുന്‍പില്‍ വച്ചാണ് ഗൗരി ലങ്കേഷിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നത്.
അതിനിടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഗൗരി ലങ്കേഷിന്റെ സഹോദരങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസവും ഉടലെടുത്തിട്ടുണ്ട്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നാണ് കവിത ലങ്കേഷിന്റെ വാദം. എന്നാല്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാണ് സഹോദരന്‍ ഇന്ദ്രജിത്ത് പറയുന്നത്.
പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ട് അഞ്ച് മാസം പിന്നിട്ടെങ്കിലും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഏകപക്ഷീയമായ അന്വേഷണമാണ് നടക്കുന്നതെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നതായി സംശയിക്കുന്നുണ്ടെന്നുമാണ് ഇന്ദ്രജിത്തിന്റെ വാദം. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായി സംസാരിച്ചു.
ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ള യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."