സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലനില്‍ക്കുന്ന സംവരണം ഇല്ലാതാക്കുന്ന ഒരു നടപടിയും ഇടതു സര്‍ക്കാരില്‍നിന്ന് ഉണ്ടാവില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
നിലവിലെ സംവരണക്രമം നിലനില്‍ക്കണമെന്നതാണ് ഇടത് നിലപാട്. അതേസമയം, മുന്നാക്കക്കാരിലെ പരമദരിദ്രര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും അതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നുമാണ് ഇടതു മുന്നണിയുടെ നേരത്തെ മുതലുള്ള നിലപാട്. വഖ്ഫ് ബോര്‍ഡിലേക്കുള്ള പി.എസ്.സി നിയമനങ്ങള്‍ മുസ്‌ലിം വിഭാഗത്തിന് മാത്രമായി വ്യവസ്ഥ ചെയ്യും. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്ന് എം. ഉമ്മറിനെ മുഖ്യമന്ത്രി അറിയിച്ചു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭൂവിസ്തൃതി കുറയ്ക്കില്ലെന്നും തദ്ദേശവാസികളുടെ സഹകരണത്തോടെ, എല്ലാ ആശങ്കകളും അകറ്റി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പിണറായി വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കാന്‍ നടപടി എടുക്കും. കുടിശിക അടക്കമുള്ള പെന്‍ഷന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."