ഭാഗ്യം, 20 പവനും ലാപ്പ്‌ടോപ്പുമടങ്ങിയ ആ ബാഗ് ആരും കൊണ്ടുപോയില്ല
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ മറന്നുവച്ച സ്വര്‍ണവും പണവും ലാപ്‌ടോപ്പും അടങ്ങുന്ന ബാഗ് ആര്‍.പി.എഫിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഉടമയ്ക്ക് തിരികെ ലഭിച്ചു.
തിരുവനന്തപുരം കരമന സ്വദേശിയും പ്രതിരോധ വകുപ്പില്‍ എന്‍ജിനീയറുമായ ബി. ജയദേവിനാണ് 20 പവന്‍ സ്വര്‍ണവും 12,000 രൂപയും ലാപ്‌ടോപ്പും അടങ്ങുന്ന ബാഗ് തിരികെ ലഭിച്ചത്. ജയദേവും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ജബല്‍പുരില്‍നിന്ന് പട്‌ന- എറണാകുളം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് എറണാകുളം സൗത്ത് സ്‌റ്റേഷനിലെത്തിയത്.
തുടര്‍ന്ന് തിരുവനന്തപുരത്തേക്കു പോകാന്‍ ബംഗളൂരു- കൊച്ചുവേളി എക്‌സ്പ്രസിനായി പ്ലാറ്റ്‌ഫോമിലെ കസേരയില്‍ കാത്തിരുന്നു. 4.45ന് ട്രെയിനെത്തുകയും ഇവര്‍ യാത്ര തുടരുകയും ചെയ്തു. എന്നാല്‍ ബാഗെടുക്കാന്‍ മറന്നുപോയി. ആലപ്പുഴ പിന്നിട്ടപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടവിവരം കുടുംബം അറിയുന്നത്. തുടര്‍ന്ന് ടി.ടി.ഇയെയും ആര്‍.പി.എഫിനെയും വിവരമറിയിച്ചു. ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ നടത്തിയ പരിശോധനയില്‍ പ്ലാറ്റ്‌ഫോമിലെ കസേരയില്‍നിന്ന് ബാഗ് കണ്ടെത്തി. തുടര്‍ന്ന് ജയദേവ് റെയില്‍വേ സ്‌റ്റേഷനിലെത്തി പണവും സ്വര്‍ണവും അടങ്ങിയ ബാഗ് കൈപ്പറ്റുകയായിരുന്നു. ആര്‍.പി.എഫ് സി.ഐ എം.എ ഗണേശന്‍, എസ്.ഐ എസ് രാധാകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ എ.ടി എല്‍ദോ എന്നിവരുടെ നേതൃത്വത്തിലാണ് ബാഗ് കണ്ടെത്തിയതും ഉടമയ്ക്ക് തിരിച്ചു നല്‍കിയതും. ഒരുമണിക്കൂറോളം റെയില്‍വേ സ്‌റ്റേഷനിലെ കസേരയില്‍ അനാഥമായി കിടന്ന ബാഗില്‍ സ്വര്‍ണത്തിനും പണത്തിനും പുറമെ എ.ടി.എം കാര്‍ഡുകളും വിലപ്പെട്ട രേഖകളുമുണ്ടായിരുന്നതായി ജയദേവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."