ഓര്‍മകളുടെ തിരുമുറ്റത്ത് ഒ.എന്‍.വിക്ക് അനുവാചക വൃന്ദത്തിന്റെ പ്രണാമം
തിരുവനന്തപുരം: കവിതയ്ക്ക് ഉപ്പും മധുരവും നല്‍കിയ, ആസ്വാദകഹൃദയത്തെ പുളകമണിയിക്കാന്‍ സ്വയം കത്തിയെരിഞ്ഞ സുസ്‌നേഹ മൂര്‍ത്തിക്ക് അനുവാചക വൃന്ദത്തിന്റെ പ്രണാമം. വഴുതക്കാട്ടെ ടാഗോര്‍ തിയറ്ററിന്റെ തിരുമുറ്റത്താണ് മലയാളത്തിന്റെ മഹാകവിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സ്മൃതിപൂജ ഒരുക്കിയത്.
ഒ.എന്‍.വി പ്രതിഭാ ഫൗണ്ടേഷനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജി. ദേവരാജന്‍ ഫൗണ്ടേഷനും സംയുക്തമായാണ് ഓര്‍മകളുടെ തിരുമുറ്റത്ത് എന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചത്. ഒ.എന്‍.വിയുടെ അദൃശ്യ സാന്നിധ്യമില്ലാത്ത ഒരു നിമിഷം പോലും മലയാളിയുടെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പ്രഭാവര്‍മ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഒ.എന്‍.വി എഴുതിയ ഒരുവരിയെങ്കിലും അറിയാത്ത ഒരു മലയാളിപോലുമുണ്ടാവില്ല. ഒ.എന്‍വിയുടെ കവിതയും ഗാനങ്ങളും മലയാളിക്ക് അത്രയേറെ പ്രിയങ്കരമാണെന്നും അദ്ദേഹം പറഞ്ഞു. കവയത്രി സുഗതകുമാരി ഒ.എന്‍.വി സ്മൃതിപൂജ നടത്തി. ശ്രേഷ്ഠഭാഷയെന്ന സിംഹാസനം മുന്നില്‍ സ്ഥാപിച്ചതല്ലാതെ, മാതൃഭാഷയെ അതില്‍ ഇരുത്താന്‍ കഴിയാത്തതിന്റെ വേദന തുളുമ്പുന്നതായിരുന്നു സുഗതകുമാരിയുടെ പ്രഭാഷണം.
അമ്മ ഇപ്പോഴും നില്‍ക്കുകയാണ്, ഇരിക്കാന്‍ അനുവദിച്ചിട്ടില്ല. മലയാളം സംസാരിച്ചാല്‍ മഹാപരാധമാവുന്ന കാലം എയ്ഡഡ് ആവട്ടെ അണ്‍ എയ്ഡഡ് ആവട്ടെ മലയാളം സംസാരിച്ചാല്‍ പിഴ ഉറപ്പ്. മലയാളം സംസാരിച്ചു എന്നത് കുറ്റമായി പുറത്തെഴുതി ഒട്ടിക്കുന്നു.
വെയിലത്ത് നിര്‍ത്തുന്നു. ഒ.എന്‍.വി എന്താണ് നമ്മെ പഠിപ്പിച്ചത്? എന്താണ് പറഞ്ഞത്. അദ്ദേഹം എന്തിന് വേണ്ടിയാണ് നിലകൊണ്ടത്. ലോ കോളജിന് മുന്നിലും നെഹ്‌റുകോളജിന് മുന്നിലും മാത്രമല്ല സമരം വേണ്ടത്.
മലയാള ഭാഷയുടെ തിരുമുറ്റത്ത് നിന്ന് മറ്റൊരു സമരം കൂടി ഉയരണം, മലയാളത്തെ മറക്കരുതെന്ന് ആവശ്യപ്പെടാന്‍. മലയാളത്തോട് ഇത്രയും അനാദരവ് പാടില്ലെന്നും സുഗതകുമാരി പറഞ്ഞു.
ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ അധ്യക്ഷത വഹിച്ചു. കവി പ്രഭാവര്‍മ്മ, ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.ജയകുമാര്‍, സെക്രട്ടറി ഡോ. പി .വേണുഗോപാലന്‍ പ്രസംഗിച്ചു. ഒ.എന്‍.വിയുടെ ചിത്രങ്ങള്‍, കവിതകള്‍, ഗാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയുടെ ദൃശ്യ ശ്രാവ്യ പ്രദര്‍ശനവും അരങ്ങേറി. കാവ്യസൂര്യന്റെ കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തി.
തുടര്‍ന്ന് കവി സമ്മേളനത്തില്‍ പിരപ്പന്‍കോട് മുരളി അധ്യക്ഷത വഹിച്ചു. ഒ.എന്‍.വിയുടെ അമ്പത് കവിതകളെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ സമാഹാരമായ കുഞ്ഞുമനസിലെ ഒ.എന്‍.വി 'എന്ന പുസ്തകവും പ്രകാശനം ചെയ്തു.
അഞ്ചല്‍ ശബരിഗിരി സ്‌കൂളിലെ കുട്ടികളാണ് പുസ്തകം രചിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."