മോയിന്‍കുട്ടി വൈദ്യര് മഹോത്സവത്തിന് തുടക്കമായി
കൊണ്ടോട്ടി: പടപ്പാട്ടിന്റെയും പടയോട്ടത്തിന്റെയും നാട്ടില്‍ ഇശലിന്റെ തേന്‍കണം ചുരത്തി പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര് മഹോത്സവത്തിന് വര്‍ണാഭമായ തുടക്കം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വിവിധ പ്രദേശങ്ങളില്‍ അരങ്ങേറുന്ന മഹോത്സവം കൊണ്ടോട്ടി വൈദ്യര് അക്കാദമിയില്‍ ടി.വി ഇബ്രാഹി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്മാന് ടി.കെ.ഹംസ അധ്യക്ഷനായി. നഗരസഭാധ്യക്ഷന്‍ സി.കെ നാടിക്കുട്ടി. എ.ഡി.എം പി സയ്യിദ് അലി, പി അഹമ്മദ് കബീര്‍, അഡ്വ. കെ.കെ സമദ്, യു.കെ മമ്മദിശ, സി അയ്യപ്പന്, എന്‍ പ്രമോദ് ദാസ്, ആസാദ് വണ്ടൂര്‍, റസാഖ് പയമ്പ്രോട്ട് സംസാരിച്ചു. കെ.വി അബൂട്ടി വൈദ്യര് കൃതിയില്‍ നിന്നുള്ള ഗാനാലാപനം നടത്തി.
ഉദ്ഘാടനത്തോടനുബന്ധിച്ച് കുറുപ്പത്ത് കവലയില്‍ നിന്ന് അക്കാദമിയിലേക്ക് വര്‍ണശബളമായ ഘോഷയാത്ര നടന്നു. ഒ.എന്‍.വി. അനുസ്മരണത്തിന്റെ ഭാഗമായ വിനോദ് കുമാര്‍ തള്ളശ്ശേരിയും സംഘവും ഗാനാര്‍ച്ചന നടത്തി.
അല്‍ ഫുസുലു കുല്ലുടും നാടകവും അരങ്ങേറി. ചൊവ്വാഴ്ച നാടോടിപാട്ടിന്റെ സൗന്ദര്യശാസ്ത്രത്തെ കുറിച്ച് ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ തിരൂര്‍ കേന്ദ്രത്തില്‍ സെമിനാറും ചര്‍ച്ചയും നടക്കും.
എ.കെ നമ്പ്യാര്‍, ബാവ കെ പാലുകുന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ചര്‍ച്ചക്ക് ഷംസാദ് ഹുസൈന് നേതൃത്വം നല്‍കും. വിളയില്‍ ഫസീലയും യൂസഫ് കാരക്കാടും നയിക്കുന്ന മാപ്പിളപ്പാട്ട് അരങ്ങേറും.
ഉച്ചക്ക് ശേഷം വൈദ്യര് അക്കാദമിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാമേള നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."