ഖത്തറിലെ തൊഴിലാളികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം
ദോഹ: ഖത്തറിലെ 10 ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് താമസസ്ഥലങ്ങളില്‍ അധികം വൈകാതെ കംപ്യൂട്ടറും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാവും. തൊഴില്‍ മന്ത്രാലയവും ട്രാന്‍സ്‌പോര്‍ട്ട് ആന്റ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയവും സംയുക്തമായി ഒരുക്കുന്ന ബെറ്റര്‍ കണക്ഷന്‍ പ്രോഗ്രാം വഴിയാണ് തൊഴിലാളികള്‍ക്ക് ഐ.ടി പരിചയവും ഇന്റര്‍നെറ്റ് സൗകര്യവും നല്‍കാനുള്ള പരിപാടി അതിവേഗം പുരോഗമിക്കുന്നത്. പദ്ധതിക്ക് കീഴില്‍ തൊഴിലാളുകളുടെ താമസ കേന്ദ്രങ്ങളില്‍ 1,500 ഐ.സി.ടി സൗകര്യങ്ങള്‍ കൂടി സ്ഥാപിക്കും. ഈ കേന്ദ്രങ്ങളില്‍ വൊളന്റിയര്‍മാര്‍ തൊഴിലാളികള്‍ക്ക് കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ ഐ.ടി, കമ്മ്യൂണിക്കേഷന്‍ സംബന്ധമായ പരിശീലനം നല്‍കും.
ബെറ്റര്‍ കണക്ഷന്‍സ് പ്രോഗ്രാം തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ മനസ്സിലാക്കാനും പ്രാഥമിക കംപ്യൂട്ടര്‍ പരിജ്ഞാനവും സോഷ്യല്‍ മീഡിയ പരിജ്ഞാനവും നല്‍കാനും വേണ്ടിയാണ് ഒരുക്കിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ അറിയിച്ചു. പദ്ധതിയില്‍ വൊളന്റിയര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ ജനങ്ങളെ ക്ഷണിച്ചു. ഉരീദു, മൈക്രോസോഫ്റ്റ്, റീച്ച്ഔട്ട് ടു ഏഷ്യ(റോട്ട), ശെയ്ഖ് ഥാനി ബിന്‍ അബ്്ദുല്ല ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് (റാഫ്) എന്നിവയും പദ്ധതിയുമായി സഹകരിക്കും.
പദ്ധതിക്കു കീഴില്‍ രൂപീകരിക്കുന്ന ഗ്രീന്‍ കംപ്യൂട്ടര്‍ ക്ലബ്ബുകള്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ 15,000ഓളം കംപ്യൂട്ടറുകള്‍ നവീകരിച്ചു നല്‍കും. ഇവയ്ക്കാവശ്യമായ വിന്‍ഡോസ്, ഓഫിസ് സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകള്‍ മൈക്രോസോഫ്റ്റാണ് നല്‍കുക. ഐ.സി.ടി സൗകര്യം സജ്ജീകരിക്കുകയാണ് അടുത്ത ഘട്ടം. പദ്ധതിയുടെ ഭാഗമാവുന്ന തൊഴിലുടമകള്‍ 1,500 ഐ.സി.ടികള്‍ സ്ഥാപിക്കാനാവശ്യമായ സ്ഥല സൗകര്യം നല്‍കും. ഓരോ ഐ.സി.ടിയിലും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച 10 കംപ്യൂട്ടറുകളാണുണ്ടാവുക. എല്ലാ ഐ.സി.ടി കേന്ദ്രങ്ങള്‍ക്കും ഉരീദുവാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന വൊളന്റിയര്‍മാര്‍ 15 ലക്ഷം തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. 2,01,718 കാലയളവില്‍ 750 വൊളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യാനാണ് ബെറ്റര്‍ കണക്ഷന്‍ പ്രോഗ്രാം ലക്ഷ്യമിടുന്നത്. പ്രാഥമിക കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അവര്‍ക്ക് ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ ചാംപ്യന്‍സ് എന്ന പദവി നല്‍കും. പരിശീലനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെയാണ് ഉപയോഗപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."