നോട്ട് നിരോധനം: നൂറാം ദിനത്തിലും ഉത്തരം കിട്ടാതെ ഈ ചോദ്യങ്ങള്‍
രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ പിന്‍വലിച്ചിട്ട് 100 ദിവസം തികഞ്ഞു. പിന്‍വലിക്കല്‍ നടപടിക്കു ശേഷം കടുത്ത നോട്ട് പ്രതിസന്ധിയാണ് രാജ്യത്തുടനീളം അനുഭവപ്പെട്ടത്. കള്ളപ്പണവും കള്ളനോട്ടും തടയുകയെന്ന ലക്ഷ്യത്തോടു കൂടിയുള്ള കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. കറന്‍സി രഹിത ഭാരതം സ്വപ്‌നം കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് 50 ദിവസം കൊണ്ട് എല്ലാ ശരിയാകുമെന്ന്. ആ 50-ാം ദിവസം കൈയിലുള്ള പണം അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍, 4000 രൂപ വരെ മാറിയെടുക്കാന്‍, കിട്ടിയ 2000ത്തിന് ചില്ലറയ്ക്കു വേണ്ടിയും ജനം ദേശസാല്‍കൃത ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും തിക്കി തിരക്ക് കൂട്ടുകയായിരുന്നു. നോട്ടു നിരോധനത്തിനു ശേഷം കേന്ദ്രസര്‍ക്കാറിന്റെ നടപടി എത്രത്തോളം ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നത് 100 ദിവസവും നിഗൂഢമായി തുടരുകയാണ്. അസാധുവാക്കിയ എത്ര അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന ചോദ്യത്തിന് ഉത്തരം പറയാതെ സര്‍ക്കാറും റിസര്‍വ് ബാങ്കും ഒഴിഞ്ഞുമാറുകയാണ്.
സാധരണഗതിയിലേക്ക്?
നോട്ടു നിരോധനത്തെ തുടര്‍ന്നുള്ള നെട്ടോട്ടവും ക്യൂവുമൊക്കെ അവസാനിച്ചെങ്കിലും നിരോധനത്തെ തുടര്‍ന്നുള്ള ദുരിതം ഇതുവരെ അവസാനിച്ചിട്ടില്ല. ചില്ലറക്ഷാമം തന്നെയാണ് പ്രധാന പ്രശ്‌നം. ആവശ്യത്തിനുള്ള നോട്ടുകളില്ലാത്തതും 1000ത്തിനു പകരം 2000 വന്നതുമാണ് പ്രധാന പ്രശ്‌നം. പണം പിന്‍വലിക്കാനുള്ള പരിധി എടുത്ത് കളയാത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാം. മാര്‍ച്ച് 13 മുതല്‍ നിയന്ത്രണം പൂര്‍ണമായി ഒഴിവാകും. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാലും ഇടപാടുകാരന് ആവശ്യത്തിനു പണം ലഭ്യമാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. അസാധുവാക്കിയ കറന്‍സിയുടെ മൂല്യത്തിനുള്ള പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് കാരണം. ഫെബ്രുവരി ആദ്യവാരം ശമ്പള ദിവസങ്ങളില്‍ രാജ്യത്തെ നാലിലൊന്ന് എ.ടി.എമ്മുകളും പണമില്ലാത്തതു കാരണം അടഞ്ഞു കിടക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പിന്‍വലിക്കല്‍ പരിധി നീക്കുന്നതിനുസരിച്ച് പുതിയ കറന്‍സി ലഭ്യമാക്കിയില്ലെങ്കില്‍ എ.ടി.എമ്മുകള്‍ പെട്ടന്നു കാലിയാകും. മിക്ക എ.ടി.എമ്മുകളിലും രണ്ടായിരം രൂപയാണ് ലഭിക്കുന്നത്. പരിധി നീക്കുന്നതോടെ ചില്ലറ ക്ഷാമം രൂക്ഷമാക്കനും ഇടയുണ്ട്.
എത്ര തിരിച്ചെത്തി?
നവംബര്‍ എട്ടു മുതല്‍ ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധു നോട്ടുകളുടെ കണക്ക് നിശ്ചിത ഇടവേളകളില്‍ പുറത്തുവിട്ടുകൊണ്ടിരുന്ന റിസര്‍വ് ബാങ്ക് പിന്നീട് നിര്‍ത്തിവയ്ക്കുകയായിരുന്നു. കള്ളപ്പണവും കള്ളനോട്ടുമായി മൂന്നു ലക്ഷം കോടി രൂപ മുതല്‍ അഞ്ച് ലക്ഷം കോടി രൂപ വരെ പ്രചാരത്തിലുണ്ടെന്നും ഈ തുക ബാങ്കിലെത്തില്ലെന്നുമായിരുന്നു സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സര്‍ക്കാര്‍ വാദത്തിന്റെ മുനയൊടിച്ചുകൊണ്ട് അസാധു നോട്ട് ഏതാണ്ട് പൂര്‍ണമായും തിരിച്ചെത്തിക്കഴിഞ്ഞു എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഈ ആരോപണങ്ങളെ തുടര്‍ന്നാണ് കണക്കുപുറത്തുവിടുന്നത് അവസാനിപ്പിച്ചത്. തിരിച്ചെത്തിയ പഴയ നോട്ടുകളുടെ കണക്കെടുത്തു വരുന്നേയുള്ളൂവെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ജൂണ്‍ 30നു മുമ്പ് കണക്കെടുപ്പ് പൂര്‍ത്തിയാവില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനം വരുമ്പോള്‍ 15.44 ലക്ഷം കോടി രൂപയുടെ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്.
പുതിയ നോട്ടുകള്‍ എന്ന് എത്തും?
1000 രൂപ നോട്ട് തിരിച്ചുവരുമെന്നാണ് ഏറ്റവും അവസാനം വന്ന റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ക്കകം 1000 രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തിയേക്കും. കറന്‍സി നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുന്നതിനോടൊപ്പം 1000 രൂപ നോട്ടുകള്‍ എല്ലാ കറന്‍സി ചെസ്റ്റുകളിലും എത്തിക്കുമെന്നുമാണ് അറിയുന്നത്. റിസര്‍വ് ബാങ്കിന്റെ ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍നിന്ന് ആയിരത്തിന്റെ നോട്ടുകള്‍ പ്രിന്റ് ചെയ്തു തുടങ്ങിയതായിയാണ് ബാങ്ക് ജീവനക്കാര്‍ക്ക് കിട്ടിയ വിവിരം. നൂറു രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. 2005 മഹാത്മാഗാന്ധി സീരീസിന് സമാനമായ ഡിസൈനോടെയാകും പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്. പുതിയ നോട്ടുകള്‍ പുറത്തിറക്കിയാലും നിലവില്‍ പ്രചാരത്തിലുള്ള 100 രൂപ നോട്ടുകളുടെ എല്ലാ സീരീസുകളും സാധുവായി തുടരും.
ബാങ്കുകളില്‍ പ്രതിസന്ധി എങ്ങനെ മറികടക്കും?
നോട്ടു നിരോധനം ബാങ്കുകളെയും കാര്യമായി ബാധിച്ചിരുന്നു. നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍നിന്ന് ഇതുവരെ ബാങ്കുകളെ കരകയറ്റാന്‍ സാധിച്ചിട്ടില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളിലെ ഡെപ്പോസിറ്റുകള്‍ വര്‍ധിച്ചെങ്കില്‍ ലോണുകളും മറ്റും നല്‍കാന്‍ പറ്റാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പെട്ടന്നുണ്ടായ തിരക്കില്‍ പല ബാങ്കുകളുടെയും സര്‍വര്‍ തകരാറിലായിരുന്നു. ഈ തകരാറുകള്‍ താല്‍കാലികമായി പരിഹരിക്കാനായിട്ടുണ്ടെങ്കിലും പൂര്‍ണമായും പരിഹരിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നോട്ട് നിരോധനം പരാജയമെന്ന വാദം ഉയര്‍ന്നപ്പോള്‍ പ്രതിസന്ധി മറികടക്കനായി സര്‍ക്കാര്‍ ഡിജിറ്റല്‍ ബാങ്കിങിനെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ പല ബാങ്കുകളുടെയും സര്‍വര്‍ തകരാറിലായതോടെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്കും മങ്ങലേറ്റിരുന്നു. പല ഡിജിറ്റല്‍ ബാങ്കിങ് സംവിധനങ്ങളിലും താങ്ങവുന്നതിലും അധികം പേരെത്തിയതോടെ രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വ്യാപാര കേന്ദ്രങ്ങള്‍ ഡിജിറ്റല്‍ മണിയിലേക്ക് മാറണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇതും വന്‍ പരാജയമായിരുന്നു. പോയിന്റ് ഓഫ് സെയില്‍ മെഷ്യനായി അപേക്ഷ നല്‍കിയവരില്‍ ഒരു ശതമാനം പേര്‍ക്ക് നല്‍കാനുള്ള മെഷിനുകളുമുണ്ടായിരുന്നില്ലന്നതാണ് ഇത് പരാജയപ്പെടാന്‍ കാരണം. ഇപ്പോള്‍ 50 ശതമാനം മെഷിനുകള്‍ നല്‍കാന്‍ മാത്രമേ അയിട്ടുള്ളു.
ജീവനക്കാരുടെ ദുരിതം എന്നു തീരും?
നവംബര്‍ എട്ടു രാത്രി മുതല്‍ തുടങ്ങിയതാണ് ബാങ്ക് ജീവനക്കാരുടെ ദുരിതം. അതിരാവിലെതന്നെ ബാങ്കിലെത്തുന്ന ജീവനക്കാര്‍ തിരിച്ചുപോയിരുന്നത് അര്‍ധരാത്രിയോടെയാണ്. നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ എല്ലാ അസൗകര്യങ്ങളുടെയും വിഷമതകളുടെയും പഴി മുഴുവനും കേള്‍ക്കേണ്ടിവന്നതും ബാങ്ക് ജീവനക്കാര്‍ക്കായിരുന്നു. ഇതു കൂടാതെ ഇടക്കിടെ സര്‍വര്‍ ഡൗണാവുന്നതും രണ്ടാം ശനിയും ഞായറും അധിക ഡ്യൂട്ടിയും ജീവനക്കാരെ ഏറെ പ്രയാസപ്പെടുത്തി. ഇതൊക്കെ കഴിഞ്ഞ് ബാങ്കുകള്‍ സാധരണ ഗതിയിലെത്തിയെങ്കിലും ഇപ്പോഴും ജീവനക്കാര്‍ ദുരതത്തിലാണ്. സെര്‍വര്‍ തകരാറിലായതു തന്നെയാണ് പ്രധാന പ്രശ്‌നം. കൂടാതെ അധിക ഡ്യൂട്ടിക്ക് നല്‍കിയ രണ്ട് അവധി മാര്‍ച്ച് കഴിയുന്നത് മുന്‍പ്പ് തന്നെ എടുക്കണമെന്നാണ് ജീവനക്കാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. നോട്ട് പിന്‍വലിക്കാനുള്ള പരിധി നീക്കാത്തതിനെ തുടര്‍ന്ന് ബാങ്കിലുള്ള തിരക്ക് കാരണം അവധി എടുക്കാന്‍ സാധിക്കുന്നില്ലന്നാണ് ജീവനക്കാര്‍ പറയുന്നത്.
പിടിമുറുക്കി ആദായ നികുതി വകുപ്പ്
നോട്ട് നിരോധനത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി ആദായനികുതി വകുപ്പ് 'ഓപ്പറേഷന്‍ ക്ലീന്‍ മണി' ദൗത്യം തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമായി കറന്‍സി പിന്‍വലിക്കലിനു ശേഷം കണക്കില്‍പ്പെടാത്ത നിക്ഷേപം നടത്തിയ 18 ലക്ഷം അക്കൗണ്ടുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ആദായ നികുതി റിട്ടേണില്‍ കാണിച്ചതുമായി പൊരുത്തപ്പെടാത്ത നിക്ഷേപം നടത്തിയവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് ഓണ്‍ലൈനായാണ് ഓരോ അക്കൗണ്ടുകളും പരിശോധിക്കുന്നത്. ഇവര്‍ 10 ദിവസത്തിനുള്ളില്‍ വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടി വരും. നവംബര്‍ എട്ടിനു ശേഷം രണ്ട് ലക്ഷം രൂപയിലധികം നിക്ഷേപം നടത്തിയ അക്കൗണ്ടുകളാണ് നിലവില്‍ പരിശോധിക്കുന്നത്. സംശയം തോന്നിയ അക്കൗണ്ട് ഉടമകളെ ആദായനികുതി വകുപ്പ് ഇമെയിലായും എസ്.എം.എസ് ആയും വിവരം ധരിപ്പിക്കും. കൂടാതെ വെബ് സൈറ്റില്‍ നിക്ഷേപം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനുള്ള അവസരവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."