തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം
ചെന്നൈ:പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കാൻ ആശുപത്രികള്‍ക്ക് നിര്‍ദേശവുമായി തമിഴ്‌നാട്.പാമ്പുകടിക്കുന്നതിനെ പൊതുജനാരോഗ്യ നിയമത്തിനുകീഴില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സമീപകാലത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതാണ് പുതിയ നടപടി കൈകോള്ളാൻ കാരണം.
വിവരശേഖരണം, ക്ലിനിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പാമ്പുകടി മൂലമുള്ള മരണങ്ങള്‍ തടയാന്‍ മറുമരുന്ന് ലഭ്യമാക്കല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ തീരുമാനം. പാമ്പുകടിയേറ്റവരുടെ വിവരങ്ങള്‍ ആശുപത്രികള്‍ നിര്‍ബന്ധമായും സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. ഈ വര്‍ഷം ജൂണ്‍ ഏഴുവരെ 7,300 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പാമ്പുകടിയേറ്റത്. ഇതില്‍ 13 പേര്‍ മരിച്ചു. 2023-ല്‍ 19,795 കേസുകളിലായി 43 പേരും 2022-ല്‍ 15,120 സംഭവങ്ങളിലായി 17 പേരും സംസ്ഥാനത്ത് മരിച്ചിരുന്നു.
ചികിത്സയ്ക്ക് ആവശ്യമായ ആന്റി വെനം ആവശ്യമുള്ളിടത്ത് ലഭ്യമാക്കാന്‍ വിവരശേഖരണം കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ പുതിയ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിലൊന്ന് ഉണ്ടായിരുന്നിട്ടും, പാമ്പുകടിയേല്‍ക്കുന്നതിനെതിരെയുള്ള പ്രതിരോധമരുന്ന് മതിയായ അളവില്‍ ലഭ്യമല്ലാത്തത് ചികിത്സയില്‍ കാലതാമസത്തിനും തുടര്‍ന്നുള്ള മരണത്തിനും ഇടയാക്കുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. 2030-ഓടെ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പകുതിയായി കുറയ്ക്കാനാണ് ഈ കര്‍മപദ്ധതി തമിഴ്‌നാട് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."