അതിരപ്പിള്ളിയില്‍ മലക്കംമറിഞ്ഞ് കടകംപള്ളി; നിലപാട് പരിസ്ഥിതിസൗഹൃദ കേരളം
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ഇന്നലെ പറഞ്ഞ അഭിപ്രായത്തില്‍ നിന്നു മലക്കംമറിഞ്ഞ് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചെറുതും വലുതുമായ മുഴുവന്‍ പദ്ധതികളും നടപ്പിലാക്കും മുന്‍പ് വിശദമായ പാരിസ്ഥിതികാഘാത പഠനം നടത്തും, പരിസ്ഥിതിസൗഹൃദ കേരളം എന്ന ആശയത്തോട് ചേര്‍ന്നു നില്‍ക്കുന്നതു തന്നെയാണ് ഇടതുമുന്നണിയുടെ നിലപാട്- കടകംപള്ളി പോസ്റ്റില്‍ പറയുന്നു. സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അത്യാവശ്യമാണെന്നും പരിസ്ഥിതിപ്രവര്‍ത്തകരുടെ ആശങ്ക മാറ്റാന്‍ അവരുമായി ചര്‍ച്ച നടത്തുമെന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്.
ഇതിനെ പിന്തുണച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഏതിര്‍ത്ത് പ്രധാന ഘടകക്ഷിയായ സി.പി.ഐയും പരിസ്ഥിതിപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് അതിരപ്പിള്ളി വിഷയത്തില്‍ തനിക്കെതിരേ പ്രചാരണം നടത്തുന്നെന്ന വാദവുമായി മന്ത്രി രംഗത്തെത്തിയത്.
പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പ്രദേശത്തെ ജനങ്ങളുമായും പരിസ്ഥിതിപ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്ത് ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പരിസ്ഥിതിവിഷയങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച സുവ്യക്തമായ നിലപാടുകള്‍ മറച്ചുപിടിച്ച്, പറയാത്തൊരു കാര്യം പ്രചരിപ്പിക്കുന്നതു ദൗര്‍ഭാഗ്യകരമാണ്. ഈ പ്രചാരണം നയിക്കുന്നവര്‍ സ്വന്തം നിഴലിനോടാണു യുദ്ധം ചെയ്യുന്നതെന്നും അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."