യമനില്‍ മരണാനന്തര ചടങ്ങിലേക്ക് സഖ്യസേനയുടെ ബോംബാക്രമണം : എട്ടു മരണം
റിയാദ്: യമന്‍ തലസ്ഥാനമായ സന്‍ആക്കു സമീപം അറബ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ എട്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു.
മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനിടെ ഒരു വീട്ടിലേക്ക് നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടെന്ന് ഹൂതി വിമതരെയും മെഡിക്കല്‍ ഓഫീസര്‍മാരെയും ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എട്ടു പേര് കൊല്ലപ്പെട്ടതായി ഹൂതികള്‍ തന്നെ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു.
തലസ്ഥാന നഗരിയായ സന് ആക്ക് 25 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന സ്ഥലം.
മരണാനന്തര ചടങ്ങുകള്‍ക്കിടെ നടത്തിയ ആക്രമണത്തില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടതിനു പുറമെ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും ഹൂതി മാധ്യമ വക്താവ് അബ്ദുല്‍ റഹ്മാന് അല്‍ അഹ്നമി എ പി യോട് വ്യക്തമാക്കി. സംഭവം അന്താരാഷ്ട്ര യുദ്ധകുറ്റമാണെന്നും ഹൂതികള്‍ ആരോപിച്ചു.
കൂടാതെ പ്രതികാരമെന്നോണം സഊദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമാക്കി ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ചതായും ഇത് ലക്ഷ്യം കണ്ടതായും ഹൂതികള്‍ പറഞ്ഞു. എന്നാല്‍ സഊദി ആകാശത്തു വച്ച് പാട്രിയത്ത് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതായി സഊദി വ്യോമസേന പറഞ്ഞു.
എന്നാല്‍, മരണ വീട്ടിലേക്ക് നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് സഖ്യസേനയോ സഊദിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷ്യം തെറ്റി ഖബറടക്ക ചടങ്ങുകള്‍ക്കിടെ സഊദി നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."