ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് ഇനി സ്‌പോണ്‍സര്‍ ഭീതി വേണ്ട
മനാമ: സ്‌പോണ്‍സറുമാരുടെ കീഴില്‍ ജോലി നോക്കുന്ന ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് സുരക്ഷിതത്വവും നിര്‍ഭയത്വവും ലഭിക്കുന്ന ഫ്‌ളെക്‌സിബ്ള്‍ വര്‍ക്ക് വിസ ഈ വര്‍ഷം നിലവില്‍ വരും.
അനധികൃത പ്രവാസി തൊഴിലാളികള്‍ക്ക് നിയമവിധേയമായി ജോലി ചെയ്യാന്‍ അവസരം ഒരുക്കുന്നതാണ് 'ഫ്‌ളെക്‌സിബിള്‍ വര്‍ക് പെര്‍മിറ്റ്. ഇതുപ്രകാരം തൊഴിലാളിക്ക് സ്വയം സ്‌പോണ്‍സര്‍ ചെയ്യാനും പല സ്‌പോണ്‍സര്‍മാരുടെ കീഴിലായി തൊഴിലെടുക്കാനും സാധിക്കും.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുകയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ അല്‍ അബ്‌സിയാണ് വെളിപ്പെടുത്തിയത്.
തൊഴിലാളിക്ക് സ്വയം സ്‌പോണ്‍സര്‍ ചെയ്യാനും പല സ്‌പോണ്‍സര്‍മാരുടെ കീഴില്‍ ഒരേസമയം തൊഴിലെടുക്കാനും ഇത് സൗകര്യമൊരുക്കും. എന്നാല്‍ സന്ദര്‍ശക വിസ, സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍, കുറ്റവാളികള്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്‌ളെക്‌സിബ്ള്‍ വര്‍ക്‌പെര്‍മിറ്റിന് തൊഴിലാളിയാണ് അപേക്ഷിക്കേണ്ടത്. ഈ വര്‍ക്‌പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. മണിക്കൂറിനോ ദിവസേനയോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴില്‍ പ്രവര്‍ത്തിക്കാം. താമസം, സോഷ്യല്‍ ഇന്‍ഷുറന്‍സ്, ആരോഗ്യപരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്തം തൊഴിലാളിക്കുതന്നെ ആയിരിക്കും.
2016 സെപ്തംബര്‍ 20 വരെയുള്ള കാലത്ത് ജോലി നഷ്ടപ്പെടുകയോ വിസ പുതുക്കാതിരിക്കുകയോ ചെയ്തവര്‍ക്ക് ഇത് ഉപയോഗപ്പെടുത്താം. പ്രതിമാസം 2000 എന്ന ക്രമത്തില്‍ രണ്ടുവര്‍ഷത്തില്‍ 48,000 പെര്‍മിറ്റാണ് അനുവദിക്കുക. രണ്ടുവര്‍ഷമാണ് കാലാവധി. 200 ദിനാറാണ് ഇതിന്റെ ഫീസ്. ഹെല്‍ത്ത് കെയര്‍ ഇനത്തില്‍ 144 ദിനാറും പ്രതിമാസ ഫീസായി 30 ദിനാര്‍ വീതവും നല്‍കണം. സാധാരണ വര്‍ക്ക് വിസയ്ക്ക് എല്‍.എം.ആര്‍.എ പ്രതിമാസഫീസ് 10 ദിനാറാണ്. ഫ്‌ളക്‌സിബിള്‍ വര്‍ക് പ്രൊജക്ട് ലഭിക്കുന്ന തൊഴിലാളിക്ക് ഫോട്ടോ പതിപ്പിച്ച പ്രത്യേക കാര്‍ഡ് നല്‍കും.
സ്വന്തം നിലക്ക് ബില്‍ഡിങ് സൈറ്റുകളിലും മറ്റും ജോലി ചെയ്യുന്ന വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികള്‍ക്ക് വിവിധ തൊഴിലുടമകളുടെ കീഴില്‍ നിയമപ്രകാരം ജോലി ചെയ്യാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ബഹ്‌റൈനില്‍ നടപ്പാക്കുന്നത്. ഫ്രീ വിസ സമ്പ്രദായം നിയന്ത്രിക്കാനും ഇത് വഴിയൊരുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."