നൂതന സംഗീതനിര്‍മാണമാണ് നവാഗത സംഗീതജ്ഞരുടെ വെല്ലുവിളി: സച്ചിന്‍ മന്നത്ത്
തിരുവനന്തപുരം: സംഗീതനിര്‍മാണത്തിലെ പുതുസംവിധാനമില്ലായ്മയാണ് സംഗീതജ്ഞര്‍ നേരിടുന്ന വെല്ലുവിളിയെന്ന് ഈ വര്‍ഷത്തെ ഓസ്‌കര്‍ നാമനിര്‍ദേശ വിശാല പട്ടികയില്‍ ഇടം നേടിയ സച്ചിന്‍ മന്നത്ത്. സംഗീതനിര്‍മാണത്തെ പുതുക്കിപ്പണിയുന്ന ഒരു ശ്രമവും വര്‍ഷങ്ങളായി ഉണ്ടാകുന്നില്ല.
തന്റെ ഗുരുവായ എ.ആര്‍.റഹ്മാന്‍ കൊണ്ടുവന്ന ഡിജിറ്റല്‍ സംഗീത നിര്‍മാണം തന്നെയാണ് ഇപ്പോഴും എല്ലാവരും ഉപയോഗിക്കുന്നത്. കാലഘട്ടത്തിനനുസരിച്ച് ആ രീതിക്ക് മാറ്റം വരുത്തുകയാണ് ഇനിയുള്ള സംഗീതജ്ഞരുടെ വെല്ലുവിളിയായി താന്‍ കരുതുന്നതെന്നും സച്ചിന്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
സംഗീതത്തില്‍ നവശൈലി തേടുന്നവര്‍ക്ക് കേരളത്തില്‍ അംഗീകാരം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് തന്റെ അനുഭവം. ഭാഗ്യമുള്ളവര്‍ക്കാണ് ഇവിടെ അവസരങ്ങള്‍. ഭാഗ്യത്തോടൊപ്പം ചിലരുടെ പുറകേ നടക്കുകയും വേണം. എന്നാല്‍ കേരളത്തിന് പുറത്തങ്ങനെയല്ല. പ്രശസ്തര്‍ക്കും നവാഗതരായ സംഗീതന്വേഷകര്‍ക്കും വ്യത്യസ്തങ്ങളായ വേദികളുണ്ട്. അതുകൊണ്ടാണ് ജന്മദേശത്തേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ തനിക്ക് പുറത്തുലഭിക്കുന്നത്.
മലയാളത്തില്‍ ഉണര്‍വും, സ്വയവുമാണ് താന്‍ സംഗീതം ചെയ്ത സിനിമകള്‍. വിഘ്‌നേഷ് വ്യാസയുടെ കംസയാണ് പുതിയ പ്രോജക്ട്. പ്രഭാവര്‍മയുടെ ശ്യാമ മാധവം നാടകമായി ആവിഷ്‌കരിക്കുകയാണ് പ്രശാന്തനാരായണന്‍. താന്‍ തത്സമയ സംഗീതമൊരുക്കുന്ന ശ്യാമ മാധവവും നിറയെ പ്രതീക്ഷയുള്ള പ്രോജക്ടാണെന്നും സച്ചിന്‍ പറഞ്ഞു.
സ്വീഡിഷ്- ഇറ്റാലിയന്‍ സംഗീതരൂപങ്ങള്‍ സമന്വയപ്പെടുത്തുന്ന ബെല്‍കാന്റോ സംഗീതശൈലി പരിചയപ്പെടുത്തുന്ന ദ്വിദിന സംഗീത ശില്‍പശാലയില്‍ പങ്കെടുക്കാനാണ് സച്ചിന്‍ തിരുവനന്തപുരത്ത് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."