യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍
പാലാ: വാക്കേറ്റത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലിസ് പിടിയില്‍. ളാലം കിഴതടിയൂര്‍ അള്ളുങ്കല്‍ മധു(48), മുട്ടം മാന്തപ്പാറ കോമാക്കല്‍ സഞ്ചയ് കെ.ആര്‍ (24) എന്നിവരെയാണ് പാലാ പൊലിസ് അറസ്റ്റ് ചെയ്തത്.
കൈക്ക് ഒടിവും ആഴത്തിലുള്ള വെട്ടുമേറ്റ കെഴുവംകുളം തോണിക്കുഴിയില്‍ അനീഷ് (33) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 7.30 ഓടെ കെഴുവംകുളം ഷാപ്പിന് സമീപമാണ് സംഭവം. ഈ ഭാഗത്ത് സംശയകരമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ട് അനീഷ് വിവരം തിരക്കിയപ്പോള്‍ കാറിലുണ്ടായിരുന്ന മധു ചാടിയിറങ്ങി മര്‍ദിക്കുകയും തള്ളിവീഴ്ത്തുകയും അസഭ്യം വിളിച്ചുകൊണ്ട് വാഹനത്തിലുണ്ടായിരുന്ന വലിയ കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്ന് അനീഷ് പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് കാറും പ്രതികളെയും പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപെട്ടതായി അറിയുന്നു. പാറമട തൊഴിലാളിയായ അനീഷ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ആക്രമണത്തിനിരയായത്. പ്രതി മധുവിനെതിരേ വേറെയും കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.
സി.ഐ ടോമി സെബാസ്റ്റ്യന്റെ നിര്‍ദേശപ്രകാരം പാലാ എസ്.ഐ അഭിലാഷ് കുമാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ സന്തോഷ്, എ.എസ്.ഐ അജയ്‌ഘോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."