നടിക്കെതിരേയുള്ള ആക്രമണം; പ്രതിഷേധവുമായി സിനിമാപ്രവര്‍ത്തകര്‍
കൊച്ചി: പൗരുഷമെന്നതു സ്ത്രീയെ കീഴ്‌പ്പെടുത്തലല്ലെന്നു നടന്‍ മമ്മൂട്ടി. കൊച്ചിയില്‍ നടിക്കെതിരായ ആക്രമണത്തെത്തുടര്‍ന്നു മലയാള സിനിമാതാരങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയെ സംരക്ഷിക്കുകയെന്നതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. മാനവും അഭിമാനവും നമ്മുടെ സ്വത്താണെന്നും അതു സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകണമെന്നും മമ്മൂട്ടി പറഞ്ഞു.
നടിയെ അക്രമിച്ച പ്രതികള്‍ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് അമ്മയുടെ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റ്് പറഞ്ഞു. ഇനിയൊരിക്കലും ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതീവ സൂരക്ഷിതമെന്നും കരുതുന്ന സ്ഥലത്ത് ഇതാണ് അവസ്ഥയെങ്കില്‍ കേരളത്തിലെ മറ്റിടങ്ങളിലെ അവസ്ഥ ഇതിലും ഭീകരമായിരിക്കുമെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. സംഭവത്തിനു പിന്നില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നു മഞ്ജു വാര്യര്‍ പറഞ്ഞു. ഒരുപെണ്‍കുട്ടിക്കും ഇങ്ങിനെയൊരു അവസ്ഥയുണ്ടാകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന കൂട്ടായ്മയില്‍ ഹൈബി ഈഡന്‍ എം.എല്‍.എ , സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, സംവിധായകരായ കമല്‍, രഞ്ജിത്ത്, നടന്‍മാരായ ദിലീപ്, കെ.പി.എസി ലളിത, രഞ്ജി പണിക്കര്‍, ജയസൂര്യ, മനോജ് കെ ജയന്‍, ആസിഫ് അലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."