ബാലികയെ കൊലപ്പെടുത്തിയ പ്രതികളെ ജനങ്ങള്‍ അടിച്ചുകൊന്നു
ഇറ്റാനഗര്‍: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടുപ്രതികളെ ജനക്കൂട്ടം അടിച്ചുകൊന്നു. അരുണാചല്‍ പ്രദേശിലെ തേസു പട്ടണത്തിലാണ് രോഷാകുലരായ ജനക്കൂട്ടം അടിച്ചുകൊന്നത്.
സഞ്ജയ് സോബോര്‍(30), ജഗദീഷ് ലോഹര്‍(25) എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ച് തെരുവിലിട്ട് അടിച്ചുകൊന്നത്. തുടര്‍ന്ന് മാര്‍ക്കറ്റിലെ ഒരു ഭാഗത്ത് കുഴികുഴിച്ച് മൃതദേഹങ്ങള്‍ അതിലിട്ട് മൂടുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം.
കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളേയും പൊലിസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു.
എന്നാല്‍ സംഭവത്തില്‍ രോഷാകുലരായ ആയിരത്തോളംവരുന്ന നാട്ടുകാര്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് രണ്ടുപേരെയും പിടികൂടുകയായിരുന്നുവെന്ന് ഈസ്റ്റേണ്‍ റേഞ്ച് ഡി.ഐ.ജി അപുര്‍ ബിതിന്‍ പറഞ്ഞു.
കഴിഞ്ഞ 12നാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അഞ്ചു ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പ്രതികളായ രണ്ട് യുവാക്കളേയും പൊലിസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി പൊലിസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് രോഷാകുലരായ ജനങ്ങള്‍ പ്രതികളെ മോചിപ്പിച്ച് തെരുവിലിട്ട് അടിച്ചുകൊന്നത്.
ജനക്കൂട്ടത്തിന്റെ നടപടി പ്രാകൃതവും മനുഷ്യത്വ രഹിതവുമാണെന്ന് മുഖ്യമന്ത്രി പെമ ഖണ്ഡു പറഞ്ഞു. ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ കുറിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. 2015ല്‍ ഇതേ രീതിയില്‍ നാഗാലാന്‍ഡിലെ ദിമാപൂരില്‍ പീഡനക്കേസിലെ പ്രതിയെ ജയില്‍ തകര്‍ത്ത് ജനങ്ങള്‍ കൊലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."