യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?
കൊല്ലം: കൊല്ലം മൈനാഗപ്പളളിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലിന്റെയും നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അജ്മല്‍ ചന്ദനക്കടത്ത് അടക്കം അഞ്ചു കേസില്‍ പ്രതിയാണെന്ന് കൊല്ലം റൂറല്‍ എസ്പി കെ.എം.സാബു മാത്യു പറഞ്ഞു. അപകടം നടന്നപ്പോള്‍ കാര്‍ ഓടിച്ചു പോകാന്‍ ശ്രീക്കുട്ടി നിര്‍ബന്ധിച്ചതായുള്ള പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.
അതിനിടെ, അജ്മല്‍ ഓടിച്ചിരുന്ന കാറില്‍ മൂന്നാമതൊരാള്‍കൂടി ഉണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, അപകടം സംഭവിക്കുന്നതിന്റെ രണ്ട് കിലോമീറ്റര്‍ മുന്‍പ് ഇയാള്‍ കാറില്‍നിന്ന് ഇറങ്ങിയെന്നാണ് അജ്മലിന്റെ മൊഴി. ഇതുസംബന്ധിച്ച് പൊലിസ് വിശദമായ അന്വേഷണം നടത്തും.അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലിസിന് ലഭിച്ചു.
സ്‌കൂട്ടര്‍ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍ (45) ആണ് ദാരുണമായി ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു ഫൗസിയയും പരുക്കേറ്റ് ചികിത്സയിലാണ്.
മൈനാഗപ്പള്ളി ആനൂര്‍കാവില്‍ വളവു തിരിഞ്ഞു വന്ന കാര്‍ സ്‌കൂട്ടര്‍ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട്, റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."