മൃത്യുഞ്ജയം
വേണ്ട ഭ്രാന്തരേ
എഴുത്താളര്‍ക്കൊരു
ഹോമവും ഹവനവും
പൂജയും നേദ്യവും.
അവരെന്നേ മൃത്യുഞ്ജയര്‍
അനശ്വരതാരകങ്ങള്‍
അനന്തകാലത്തിന്റെ ഭിത്തിയില്‍
അക്ഷരമുദ്ര പതിച്ചവര്‍
നെഞ്ചിലെ രക്തസിന്ദൂരം തൊട്ട്
തൂലികയാല്‍ പേരു കുറിച്ചവര്‍
മാനവികതയുടെ ശുഭ്രപതാകകള്‍
മാനംമുട്ടെ ഉയര്‍ത്തിപ്പിടിച്ചവര്‍.
മറ്റുള്ളവര്‍ക്കായ്
സ്വയമെരിഞ്ഞവര്‍
നീണ്ടുംപോം വഴികളില്‍
രക്തതാര ശോഭ പകര്‍ന്നവര്‍.
ഒടുക്കുവാനാകുമോ
അവരിവിടെയവശേഷിപ്പിക്കും
അഗ്‌നിതേജസാര്‍ന്ന
അക്ഷരപുണ്യത്തിന്നോര്‍മയെ?
കഴിയുന്നതെങ്ങനെ
വെടിക്കും വാളിനും ഗദയ്ക്കും
കൊടും വിഷത്തിനും
വാക്കിന്റെ വെട്ടം കെടുത്താന്‍?
തോല്‍ക്കുകയില്ലവര്‍
തീവെയിലിലും
ഉന്മാദമഴയിലും
തീക്കനല്‍ വിരിച്ച വഴിയിലും.
തകര്‍ക്കുവാനായേക്കും
നിങ്ങള്‍ക്കവരുടെ
നശ്വര ശരീരപഞ്ജരത്തെ,
അനശ്വരമാമാത്മാവിനെ എന്തു ചെയ്യും?
ഗൗരീ...
ഇന്നു നിന്‍ നെഞ്ചില്‍നിന്ന്
ഉതിരുമീ രക്തമഞ്ചാടികള്‍
വെറുതെയാകുകില്ല
കാലമെത്ര നീങ്ങിയാലും.
മൃത്യുഞ്ജയയാണു നീ
എന്നുമീ ലോകവേദിയില്‍.
*കൊല്ലപ്പെട്ട മുതിര്‍ന്ന
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."