Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്
ദക്ഷിണേന്ത്യയിലെ പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് അയ്യപ്പ ഭക്തര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ശബരിമലയെക്കുറിച്ച് തെറ്റായ സന്ദേശങ്ങളും ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിലൊന്നാണ് ശബരിമലയിലേക്ക് പോകാനൊരുങ്ങിയ പമ്പ ബസ്സില്‍ അയ്യപ്പന്‍മാരെ തടഞ്ഞുവച്ചിരിക്കുന്നുവെന്ന വിധത്തിലുള്ള പ്രചാരണം. തീവ്ര ഹിന്ദുത്വവാദികളുടെ ഗ്രൂപ്പുകളിലാണ് വിവിധ അടിക്കുറിപ്പോടെ വിഡിയോ പ്രചരിക്കുന്നത്.
പ്രചരിക്കുന്ന വിഡിയോ
ക്ഷേത്രത്തിലേക്ക് പോകാന്‍ കാത്തിരിക്കുന്നവരോട് കേരളാ സര്‍ക്കാരിന് കീഴിലുള്ള KSRTC ജീവനക്കാരന്‍ സംസാരിക്കുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ സഹിതമാണ് വിദ്വേഷപ്രചാരണം നടക്കുന്നത്. തൃശൂര്‍ പൂരം കലക്കിയതിനുശേഷം പിണറായി സര്‍ക്കാര്‍ ശബരിമല തീര്‍ഥാടനവും കലക്കി ഹിന്ദുക്കളെ ദ്രോഹിക്കുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. ബ
'..അയ്യപ്പ സ്വാമിയെ ഓര്‍ത്ത് ഞങ്ങളോട് ക്ഷമിക്കണം. പൊലിസാണ് തടഞ്ഞുവച്ചത്... പൊലിസ് ഏതു സെക്കന്റില്‍ വണ്ടിയെടുക്കാന്‍ പറഞ്ഞാലും വണ്ടിയെടുക്കാന്‍ ഞങ്ങള്‍ തയാറാണ്. ഒരു ബസ്സില്‍ 65- 70 പെരെ മാത്രമെ ഉള്‍ക്കൊള്ളൂ. എന്നാല്‍ 150 പേരെയൊക്കെയാണ് കയറ്റിവിടുന്നത്. എന്തിന് വേണ്ടി...'എന്നെല്ലാമാണ് തീര്‍ത്ഥാടകരോട് ജീവനക്കാരന്‍ പറയുന്നത്. ഇതെല്ലാം ശബരിമല തീര്‍ത്ഥാടനം കുളമാക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണെന്നാണ് സന്ദേശങ്ങളിലുള്ളത്.
വാസ്തവം
എന്നാല്‍ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നും സാഹചര്യം മാറ്റി പ്രചരിപ്പിക്കുകയാണെന്നും സുപ്രഭാതം ഫാക്ട് ചെക്ക് യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ മനസ്സിലായി. പ്രചരിക്കുന്നത് കഴിഞ്ഞവര്‍ഷത്തെ സീസണില്‍ നിന്നുള്ള വിഡിയോ ആണ്. പ്രാദേശിക വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വില്ലേജ് വാര്‍ത്ത എന്ന യൂടൂബ് പേജില്‍ 2023 ഡിസംബര്‍ 13ന് അപ്ലോഡ് ചെയ്ത വിഡിയോയുടെ ഒരുഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇ വിഡിയോ മുമ്പ് പലതവണ പ്രചരിച്ചതായും കണ്ടെത്തി.
(വിഡിയോയുടെ പൂര്‍ണ്ണരൂപം ഇവിടെ കാണാം).
വിഡിയോ പൂര്‍ണമായും കണ്ട ശേഷം നടത്തിയ അന്വേഷണത്തില്‍ ശബരമലയിലെ തിരക്ക് കുറക്കാനായി പൊലിസ് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളുടെ ഭാഗമാണ് യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടതെന്ന് വ്യക്തമായി. മാത്രമല്ല ഈ വര്‍ഷം ഇത്തരത്തിലുള്ള പരാതികള്‍ ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞു.
പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിലൊന്ന് കാണാം
കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ 'പരാതികളില്ലാതെ ശബരിമല തീര്‍ഥാടനം മുന്നോട്ട്; കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കി ദേവസ്വം ബോര്‍ഡ്..' എന്ന തലക്കെട്ടില്‍ ഇന്നലെ (2024 നവംബര്‍ 26) മാതൃഭൂമി ചാനല്‍ പമ്പയില്‍നിന്ന് നല്‍കിയ വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടു.
സാധാരണയായി തീര്‍ഥാടനം അവസാന നാളുകളിലേക്ക് കടക്കുമ്പോള്‍ വലിയ രീതിയില്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ സര്‍വിസുകള്‍ നിയന്ത്രിച്ച് തിരക്ക് കുറയുന്നതിനനുസരിച്ച് കയറ്റിവിടുകയാണ് ചെയ്യാറുള്ളതെന്നാണ് ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടിസിയും പൊലിസും നല്‍കുന്ന വിശദീകരണം. എത്രയും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തണമെന്ന ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുമെങ്കിലും എല്ലാ തീര്‍ത്ഥാടകരുടെയും നന്മക്ക് വേണ്ടിയാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതാണ് തെറ്റായ വിധത്തില്‍ പ്രചരിക്കുന്നത്.
ഫലം
അയ്യപ്പന്‍മാരെ തടഞ്ഞുവച്ച് പൂരം കലക്കുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം തീര്‍ത്തും തറ്റാണ്. തീര്‍ത്ഥാടനം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രരിപ്പിക്കുന്നത്.
നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളില്‍ വാസ്തവം അറിയുന്നതിനായി അവ സുപ്രഭാതം ഫാക്ട് ചെക്ക് യൂണിറ്റിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരിക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Number: 8547452261
Fact Check Was Ayyappa devotees detained This is the truth behind the viral video
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."