പ്രായോഗികതയില്ലാത്ത സംഘ്പരിവാര്‍ വിരോധം
തൃശൂരില്‍ കഴിഞ്ഞദിവസം സമാപിച്ച സംസ്ഥാനസമ്മേളനം സംഘടനാതലത്തില്‍ സി.പി.എമ്മിനു വലിയ തോതില്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ദീര്‍ഘകാലം പാര്‍ട്ടിയുടെ കുതിപ്പിനു വിലങ്ങുതടിയായിരുന്ന വിഭാഗീയത്ക്കു പൂര്‍ണമായി അന്ത്യം കുറിക്കാനായതു വലിയ നേട്ടം തന്നെ. സമ്മേളനവേളകളിലും മറ്റു നിര്‍ണായക രാഷ്ട്രീയസന്ദര്‍ഭങ്ങളിലും തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വലിയ തലക്കെട്ടായി മാറിയിരുന്ന വി.എസ്- പിണറായി പോര് ഇത്തവണ ചെറിയതോതില്‍പ്പോലും വാര്‍ത്തകളില്‍ ഇടംനേടിയില്ല. വിഭാഗീയതയൊഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനകമ്മിറ്റിയെയും സംസ്ഥാനസെക്രട്ടറിയെയും തെരഞ്ഞെടുക്കുന്നതടക്കമുള്ള സമ്മേളന നടപടികള്‍ തടസ്സം കൂടാതെ ചിട്ടയോടെ നടന്നതായാണു റിപ്പോര്‍ട്ട്.
ഒരു സംസ്ഥാനത്തു വലിയതോതില്‍ ജനസ്വാധീനമുള്ള, പ്രത്യേകിച്ചു ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടം തന്നെയാണിത്. എന്നാല്‍, അതു പാര്‍ട്ടിക്കു മാത്രമുള്ള നേട്ടമാണ്. പൊതുജനത്തെ സംബന്ധിച്ച് ഈ സമ്മേളനം സമൂഹത്തിന് എന്തു ഗുണമാണുണ്ടാക്കുകയെന്ന വലിയൊരു ചോദ്യമുണ്ട്. ഏതൊരു പാര്‍ട്ടിയുടെയും രാഷ്ട്രീയനിലപാടുകള്‍ സമൂഹത്തെ ബാധിക്കുമെന്നതിനാല്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ട ബാധ്യത സി.പി.എമ്മിനുമുണ്ട്.
രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണി കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങളും ആ ഭരണത്തിന്റെ തണലില്‍ സംഘ്പരിവാര്‍ രാജ്യത്താകമാനം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളുമാണെന്നതില്‍ മതേതര, ജനാധിപത്യ വിശ്വാസികള്‍ക്കു തര്‍ക്കമില്ല.
അതിനെതിരേ ശക്തമായ നിലപാടു സ്വീകരിക്കുന്ന രാഷ്ട്രീയചേരിയാണു സി.പി.എം ഉള്‍പ്പെടുന്ന ഇടതുപക്ഷമെന്നതിലും തര്‍ക്കമുണ്ടാവാനിടയില്ല. എന്നാല്‍, ആ വിപത്തിനെ പരാജയപ്പെടുത്താന്‍ സ്വീകരിക്കേണ്ട രാഷ്ട്രീയതന്ത്രങ്ങളുടെ കാര്യത്തില്‍ സി.പി.എം സംസ്ഥാനസമ്മേളനം സ്വീകരിച്ച നിലപാട് മതേതരവിശ്വാസികള്‍ക്ക് ആഹ്ലാദം പകരുന്നതല്ല.
രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍ വ്യക്തമായി തിരിച്ചറിയുന്നയാളാണു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ആ തിരിച്ചറിവില്‍ നിന്നാണു സംഘ്പരിവാറിനെ പരാജയപ്പെടുത്താന്‍ ഏറ്റവും വലിയ മതേതരകക്ഷിയായ കോണ്‍ഗ്രസ് അടക്കം രാജ്യത്തെ എല്ലാ മതേതര ശക്തികളും ഒന്നിച്ചുനില്‍ക്കണമെന്ന നിലപാട് അദ്ദേഹമെടുത്തത്. സി.പി.എമ്മിന്റെ മറ്റു സംസ്ഥാനഘടകങ്ങള്‍ ഈ നിലപാടിനോടു യോജിച്ചുവെങ്കിലും ഏറ്റവും ശക്തമായ കേരളഘടകത്തിന്റെ എതിര്‍പ്പുമൂലം പ്രയോഗപഥത്തിലെത്താതെ നില്‍ക്കുകയാണ്.
യെച്ചൂരിയെ സംസ്ഥാനസമ്മേളനത്തില്‍ കൊണ്ടുവന്നു തര്‍ക്കിച്ചു പൊതുജനമധ്യത്തില്‍ അദ്ദേഹത്തക്കൊണ്ടു മറിച്ചുപറയിക്കാന്‍ സാധിച്ചുവെന്നതാണ് ഈ സമ്മേളനത്തില്‍ കേരളത്തിലെ സി.പി.എമ്മിനുണ്ടായ 'രാഷ്ട്രീയ നേട്ടം.'
രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍ യെച്ചൂരി ഭംഗിയായി വിശദീകരിച്ചെങ്കിലും കോണ്‍ഗ്രസിനെ തൊടാന്‍പോലും പാടില്ലെന്ന സംസ്ഥാന നേതാക്കളുടെ മര്‍ക്കടമുഷ്ടിയില്‍ അയവുണ്ടായില്ലെന്നാണു സമ്മേളനത്തില്‍നിന്നു പുറത്തുവന്ന വാര്‍ത്ത.
കേരളത്തിന്റെ സവിശേഷസാഹചര്യത്തില്‍ സി.പി.എം സംസ്ഥാനഘടകത്തിന്റെ നിലപാടിനു ചില ന്യായങ്ങളുണ്ടെങ്കിലും ദേശീയതലത്തില്‍ അതു തീര്‍ത്തും അപ്രായോഗികമാണ്. സി.പി.എം പറയുന്ന ചില ദോഷങ്ങള്‍ കോണ്‍ഗ്രസിനുണ്ടെന്നതു ശരിയാണ്.
എന്നാല്‍, കോണ്‍ഗ്രസിന്റെ സഹകരണമില്ലാതെ ബി.ജെ.പിക്കു രാഷ്ട്രീയബദല്‍ സാധ്യമാകുമെന്നു കാര്യങ്ങള്‍ നേരേചൊവ്വേ കാണുന്ന ആരും പറയില്ല. മതേതരകക്ഷികളായി അറിയപ്പെടുന്ന മറ്റു പാര്‍ട്ടികള്‍ പ്രാദേശിക കക്ഷികളാണ്.
എതു നിമിഷവും എവിടേക്കും ചായാന്‍ മടിയില്ലാത്ത അവരെ വിശ്വാസത്തിലെടുക്കാനുമാവില്ല. ഇതു കേരളത്തിലെ സി.പി.എമ്മിനു മാത്രം മനസിലാകുന്നില്ലെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. പ്രാദേശിക രാഷ്ട്രീയതാല്‍പ്പര്യമാണ് അവരെക്കൊണ്ട് ഈ നിലപാടെടുപ്പിക്കുന്നത്.
ഈ നിലപാടുമായി കേരളഘടകം മുന്നോട്ടുപോയാല്‍ അവരുടെ സംഘ്പരിവാര്‍വിരോധത്തെ ജനം സംശയത്തോടെ വീക്ഷിക്കും. അത് അവര്‍ക്കുതന്നെ ദോഷമാകും; സംസ്ഥാനത്തെ മതേതരസമൂഹത്തിനും. രാഷ്ട്രീയത്തില്‍ ശാഠ്യങ്ങളേക്കാള്‍ പ്രസക്തി സാഹചര്യങ്ങള്‍ക്കനുസൃതമായ പ്രായോഗികതയ്ക്കാണ്.
ഈ തിരിച്ചറിവു സി.പി.എമ്മിനുണ്ടായില്ലെങ്കില്‍ അവര്‍ നാശം ചോദിച്ചുവാങ്ങുകയായിരിക്കും ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."