സംസ്ഥാനത്തെ കള്ളക്കടത്ത് രഹസ്യം കൈമാറല്‍; പാരിതോഷികം കൂടുതല്‍ നേടുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍
കൊണ്ടോട്ടി: സംസ്ഥാനത്ത് കള്ളക്കടത്ത് രഹസ്യം കസ്റ്റംസിനു കൈമാറുന്നതിനും കേസ് അന്വേഷണത്തിന് സഹായിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ ഇന്‍ഫോര്‍മര്‍ പാരിതോഷികം കൂടുതല്‍ നേടുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍. 40 ലക്ഷം രൂപയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 2018 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്ക് പാരിതോഷികം നല്‍കാനായി മാറ്റിവച്ചിരുന്നത്. ഇതില്‍ 25 ലക്ഷവും ഈ വര്‍ഷം നേടിയത് വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. 15 ലക്ഷം മറ്റു ഇന്‍ഫോര്‍മര്‍ക്കും ലഭിച്ചു.
കള്ളക്കടത്ത് കൂടിയതിനാല്‍ നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് ജനുവരിയോടെ നിശ്ചിത പാരിതോഷികത്തുക തീര്‍ന്നിരുന്നു. ഇതോടെ അധിക ഗ്രാന്‍ഡിനായി അധികൃതര്‍ക്ക് കത്തയച്ചിരിക്കുകയാണ് കസ്റ്റംസ്.
സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും പൊതുസ്ഥലങ്ങളിലും നടക്കുന്ന സ്വര്‍ണമുള്‍പ്പടെയുള്ള കള്ളക്കടത്ത് സംബന്ധിച്ച് കസ്റ്റംസിന് രഹസ്യവിവരം നല്‍കുന്നതിനാണ് പാരിതോഷികം നല്‍കുന്നത്. 2016-17 കാലഘട്ടത്തില്‍ 38 ലക്ഷം രൂപയാണ് കസ്റ്റംസ് ഇന്‍ഫോര്‍മര്‍ ഗ്രാന്‍ഡ് അനുവദിച്ചിരുന്നത്. ഇതില്‍ 23 ലക്ഷം രൂപയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് വാങ്ങിയത്. 15 ലക്ഷം മറ്റു ഇന്‍ഫോര്‍മര്‍മാര്‍ക്ക് ലഭിച്ചു.2015ലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഇ.സി) ഇന്‍ഫോര്‍മര്‍ക്ക് കൂടുതല്‍ ആകര്‍ഷണവും തടസരഹിതവുമായ തുക പ്രഖ്യാപിച്ചത്. കള്ളക്കടത്തുകാരെ കുറിച്ച് കസ്റ്റംസിന് രഹസ്യവിവരം നല്‍കുകയും അവര്‍ പിടിക്കപ്പെട്ടാല്‍ ഇന്‍ഫോര്‍മര്‍ക്ക് പിടിച്ചെടുത്ത സാധനങ്ങളുടെ മൊത്തം വിലയുടെ 20 ശതമാനം വരെ പാരിതോഷികം നല്‍കും.
പിടിച്ചെടുത്തത് സ്വര്‍ണമാണെങ്കില്‍ 10 ഗ്രാമിന് 1500 രൂപയാണ് പാരിതോഷികം നല്‍കുന്നത്. കറന്‍സിക്ക് 25 ശതമാനം പ്രതിഫലം ലഭിക്കും. ഇന്‍ഫോര്‍മര്‍ പ്രയാസപ്പെട്ടാണ് വലിയ കേസുകള്‍ പിടിക്കപ്പെടാന്‍ സഹായിച്ചതെങ്കില്‍ മൂല്യത്തിന്റെ 30 ശതമാനം വരെ പാരിതോഷികം നല്‍കാറുണ്ട്. ഇന്‍ഫോര്‍മറുടെ വിവരങ്ങള്‍ കള്ളക്കടത്തുകാരില്‍ നിന്നും പൊതുജനത്തില്‍ നിന്നും കസ്റ്റംസ് രഹസ്യമായാണ് സൂക്ഷിക്കുന്നത്. ഇവരുടെ പേരോ, മറ്റു വിവരങ്ങളോ ആര്‍ക്കും കൈമാറില്ല. സര്‍ക്കാര്‍ കേന്ദ്ര-അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കള്ളക്കടത്ത് ഇന്‍ഫോര്‍മറായി പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."