മഞ്ഞപ്പടയുടെ നാട്ടില്‍നിന്ന് ഡാനിയേല വീണ്ടും പൊങ്കാലയ്‌ക്കെത്തി
തിരുവനന്തപുരം: കാല്‍പ്പന്തുകളിയില്‍ സാംബനൃത്തച്ചുടുകള്‍ ആടിത്തിമിര്‍ക്കുന്ന നാട്ടില്‍ നിന്നും സുഹൃത്തുക്കളുമായി ഡാനിയേല ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ വീണ്ടും അനന്തപുരിയിലെത്തി.
ബ്രസീലിലെ സാവൊപോളോയില്‍ നിന്നും മലയാളമണ്ണിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തിയ സംഘത്തിലെ ആറ് പേരാണ് ഡാനിയേല ഫെലിപ്പ് എന്ന ചന്ദ്രാദേവിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പൊങ്കാലയിട്ടത്.
ശ്രീ പത്മനാഭന്റെ മണ്ണില്‍ വേരുകളുള്ള ഡാനിയേലെയോടൊപ്പം കഴിഞ്ഞ വര്‍ഷവും ആറ് യുവതികള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചിരുന്നു.
2008ല്‍ ആദ്യമായി പൊങ്കാലയിട്ട ഡാനിയേലെയുടെ വിവാഹം 2010 ജൂണില്‍ നടന്നു. തിരുവനന്തപുരം പേരൂര്‍കട സ്വദേശി നാരായണന്‍ പൂജാരിയാണ് ഭര്‍ത്താവ്.
വിവാഹത്തോടെ ചന്ദ്രാദേവി എന്ന പേര് സ്വീകരിച്ചുവെങ്കിലും ഔദ്യോഗികമായി ഡാനിയേല ഫെലിപ്പ് എന്ന് തന്നെയാണ് അറിയുന്നത്.
2015ല്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. ആഡിയന്റ് എന്നാണ് മകന്റെ പേര്. ഇത് ആറാം വര്‍ഷമാണ് ഡാനിയേലെ പൊങ്കാല ഇടാനെത്തുന്നത്. ഭര്‍ത്താവ് നാട്ടില്‍ ഉണ്ടെങ്കിലും പൊങ്കാല ഇടാന്‍ കൂട്ടുകാരികളോടൊത്താണ് ഇവര്‍ എത്തിയത്.തറാപ്പിസ്റ്റായ ഡാനിയേലെയെ കൂടാതെ സാമ്പത്തിക കാര്യ വിദഗ്ദ്ധയായ മാര, സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സിഡാ, യോഗാ ടീച്ചറായ കാര്‍ലാ, നരവംശശാസ്ത്രജ്ഞയായ പ്രൊഫ.റജീനാ, പാചക വിദഗ്ദ്ധ കരീന എന്നീ അഞ്ച് പേരാണ് വെള്ളിയാഴ്ച പൊങ്കാല അര്‍പ്പിച്ചത്.
ആറ്റുകാല്‍ തിരുവല്ലം റൂട്ടില്‍ അമ്പലത്തറ മില്‍മാ ജങ്ഷനിലാണ് ഇവര്‍ പൊങ്കാലയിട്ടത്.
പൊങ്കാല അടുപ്പില്‍ തീ പകരുവാനും നിവേദ്യം തയ്യാറാക്കുന്നതിനും തോട്ടം റഡിഡന്റസ് അസോസിയേഷന്‍ ഭാരവാഹികളും ഒപ്പമുണ്ടായിരുന്ന ഭക്തജനങ്ങളും ഇവരെ സഹായിച്ചു.
നിവേദ്യം തിളച്ചു മറിഞ്ഞ അനുഗ്രഹ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും ഇവര്‍ മറന്നില്ല. പുകചുരുളുകള്‍ക്കിടയില്‍ കണ്ണുകള്‍ നീറി ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും അത് വകവെക്കാതെ വളരെ ആവേശത്തിലായിരുന്നു ഓരോരുത്തരും.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് തിരുവനന്തപുരത്ത് എത്തുക എന്ന ലക്ഷ്യത്തില്‍ കൂട്ടുകാരെ സംഘടിപ്പിച്ച് ഇന്ത്യയിലേക്ക് ഒന്നോ രണ്ടോ മാസത്തെ ടൂര്‍ സംഘടിപ്പിക്കും.
ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ഇവര്‍ എത്തുന്നതറിഞ്ഞ് ഡാനിയേലയുടെ അമ്പലത്തറയിയുള്ള സുഹൃത്ത് പൊങ്കാലയിടാനുള്ള സ്ഥലവും മറ്റും മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."