ലങ്കന്‍ അഭയാര്‍ഥികള്‍ക്കുള്ള പദവി തങ്ങള്‍ക്കും വേണമെന്ന് റോഹിങ്ക്യകള്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധകാലത്ത് ശ്രീലങ്കയില്‍ നിന്നു വന്ന തമിഴ് വംശജര്‍ക്ക് നല്‍കിയതുപോലുള്ള പദവി എന്തുകൊണ്ട് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കും നല്‍കിക്കൂടായെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയോട് ചോദിച്ചു. കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള ധാരണപ്രകാരം ശ്രീലങ്കയില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നല്‍കുന്നുണ്ട്. എന്നാല്‍ ഈ സൗകര്യങ്ങള്‍ റോഹിങ്ക്യകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. എന്തിനാണീ വിവേചനം? ലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ക്ക് ലഭിച്ച അതേ ആനുകൂല്യവും പദവിയും റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കും ലഭ്യമാക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.
ബുദ്ധവംശീയവാദികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ചോദ്യംചെയ്യുന്ന ഹരജി പരിഗണിക്കുന്ന ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ച് മുമ്പാകെയാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ ഭൂഷണ്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
റോഹിങ്ക്യകള്‍ സ്വദേശത്തേക്കു തിരിച്ചുപോയാല്‍ കൊല്ലപ്പെട്ടേക്കാവുന്ന അവസ്ഥയാണുള്ളതെന്ന് ഭൂഷണ്‍ കോടതിയെ അറിയിച്ചു. ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവരെ ബി.എസ്.എഫ് ജവാന്‍മാര്‍ തിരിച്ചയക്കുന്ന നടപടി ഉണ്ടാവരുത്. അഭയമന്വേഷിച്ചുവരുന്നവര്‍ക്കു നേരെ മയക്കുവെടിയും മുളക് പൊടി സ്‌പ്രേയും ഉപയോഗിക്കുന്നത് രാജ്യാന്തര അഭയാര്‍ഥിനിയമത്തിനു വിരുദ്ധമാണെന്നും ഭൂഷണ്‍ വാദിച്ചു. ഇതുസംബന്ധിച്ച അധികസത്യവാങ്മൂലവും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു.
ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ വിഷയത്തില്‍ നിലപാട് വിശദീകരിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനു കൂടുതല്‍ സമയം അനുവദിച്ചു. അതിര്‍ത്തികളില്‍ അഭയമന്വേഷിച്ചുവരുന്ന റോഹിങ്ക്യന്‍ വംശജര്‍ക്കു നേരെ അതിര്‍ത്തി രക്ഷാ ഭടന്‍മാര്‍ (ബി.എസ്.എഫ്) മുളക് പൊടി സപ്രേ പ്രയോഗിക്കുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ മുമ്പും ഹരജിക്കാര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കഴിഞ്ഞതവണ കേസ് പരിഗണിക്കുന്നതിനിടെ കോടതി ആവശ്യപ്പെട്ടു. എന്നാല്‍, ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ വിശദീകരണം നല്‍കാന്‍ ഒരാഴ്ചത്തെ സാവകാശം കൂടി വേണമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യം കോടതി അംഗീകരിക്കുകയുംചെയ്തു. കേസ് ഈ മാസം 19നു വീണ്ടും പരിഗണിക്കും. അതിനു മുമ്പ് സത്യവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."