കേന്ദ്രത്തിനെതിരേ അവിശ്വാസ പ്രമേയത്തിന് ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും
ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ തെലുഗുദേശംപാര്‍ട്ടി (ടി.ഡി.പി) മുന്നണിബന്ധം ഇന്ന് വേര്‍പ്പെടുത്തും. മുന്നണിവിട്ട ശേഷം ടി.ഡി.പി, ആന്ധ്രയില്‍ നിന്നുള്ള മറ്റൊരു പാര്‍ട്ടിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും പാര്‍ട്ടി അറിയിച്ചു. നിലവിലെ 545 അംഗ ലോക്‌സഭയില്‍ കേവലഭൂരിപക്ഷത്തിന് 273 അംഗങ്ങളാണ് വേണ്ടത്. ബി.ജെ.പിക്ക് 274 അംഗങ്ങളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ അവിശ്വാസപ്രമേയം വിജയിക്കില്ലെന്ന് ഉറപ്പാണ്. ടി.ഡി.പിക്ക് 16ഉം വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ഒന്‍പതും അംഗങ്ങളുമാണുള്ളത്. മുന്നണിയില്‍നിന്ന് പുറത്തുവരാന്‍ കഴിഞ്ഞയാഴ്ച തന്നെ ടി.ഡി.പി നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ടി.ഡി.പി മന്ത്രിമാരായ വൈ.എസ് ചൗധരി, അശോക് ഗജപതി രാജു എന്നിവര്‍ രാജിവയ്ക്കുകയുംചെയ്തിരുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നല്‍കുന്നതു സംബന്ധിച്ചുള്ള ബി.ജെ.പിയുമായുള്ള അഭിപ്രായവ്യത്യാസമാണ് ടി.ഡി.പി മുന്നണിവിടുന്നതിലെത്തിയത്.
അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് എല്ലാ കക്ഷികള്‍ക്കും കത്തയച്ചതായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.
പാര്‍ട്ടിക്കുവേണ്ടി സഭാകക്ഷിനേതാവ് വൈ.വി സുബ്ബ റെഡ്ഡിയാകും പ്രമേയം കൊണ്ടുവരിക. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്‍ച്ചയായ ഒന്‍പതാംദിവസവും സ്തംഭിച്ചു.
ബഹളത്തിനിടെ ലോക്‌സഭയില്‍ പേമെന്റ് ഗ്രാറ്റുവിറ്റി (ഭേദഗതി) ബില്‍, സ്‌പെസിഫിക് റിലീഫ് (ഭേദഗതി) ബില്‍ എന്നിവ പാസാക്കി. പി.എന്‍.ബി വായ്പാ തട്ടിപ്പ് അടക്കമുള്ള കാര്യങ്ങളും വിവിധ പാര്‍ട്ടികള്‍ ഉന്നയിച്ചതോടെ സഭയില്‍ ബഹളം രൂക്ഷമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."