ജോസ് കെ. മാണിയുടെ ഭാര്യയുടെ പുസ്തകം; വിവാദം കൊഴുക്കുന്നു
കോട്ടയം: കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍വച്ച് അപമാനിച്ചെന്ന വെളിപ്പെടുത്തലുമായി ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷാ ജോസ് പുറത്തിറക്കിയ പുസ്തകത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നു.
നിഷയുടെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് 'എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുള്ളത്. എന്നാല്‍, അപമാനിച്ചയാളുടെ പേര് പറയില്ലെന്നും നിയമനടപടി സ്വീകരിക്കില്ലെന്നും നിഷ വ്യക്തമാക്കി. പുസ്തകത്തിലെ 'എ വി.ഐ.പി ട്രെയിന്‍ ഇന്‍ സ്റ്റോറി' എന്ന അധ്യായത്തിലാണ് വിവാദ പരാമര്‍ശമുള്ളത്.
പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും അപമാനിച്ചയാളെ മനസ്സിലാക്കാവുന്ന കൃത്യമായ സൂചനകള്‍ പുസ്തകത്തിലുണ്ട്.
തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ അപമാനിച്ചെന്നാണ് പുസ്തകത്തിലുള്ളത്. യുവാവ് അയാളുടെ അച്ഛന്റെ പേരുപറഞ്ഞാണ് പരിചയപ്പെട്ടത്.
രാത്രിയിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്തെ ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നാണ് യുവാവ് പറഞ്ഞത്. സംസാരത്തിനിടെ പാദത്തില്‍ സ്പര്‍ശിച്ചു.
ശല്യം സഹിക്കാനാവാതായതോടെ എഴുന്നേറ്റുപോവാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് ടി.ടി.ഇയോട് പരാതിപ്പെട്ടു. എന്നാല്‍, ടി.ടി.ഇ കൈമലര്‍ത്തുകയായിരുന്നു. പിന്നീട് ഒച്ചയിട്ടതോടെയാണ് ഇയാള്‍ എഴുന്നേറ്റുപോയതെന്നും വീട്ടിലെത്തി ഭര്‍ത്താവിനോട് എല്ലാം പറഞ്ഞെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു. തന്നെപ്പറ്റി അപഖ്യാതി പ്രചരിപ്പിക്കുന്ന കോട്ടയത്തെ ഒരു യുവ നേതാവിനെക്കുറിച്ചും നിഷ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
ഈ ഹീറോയെ തനിക്കറിയാമെന്നും സ്വന്തം നേതാവിനെതിരേ സംസാരിച്ചതിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്.'ശത്രുവായ അയല്‍ക്കാര'നെ സംബന്ധിച്ചും പരാമര്‍ശമുണ്ട്. സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേര് വലിച്ചിഴച്ചത് ഇയാളാണ്.
ഭര്‍ത്താവിനെയും അച്ഛനെയും തകര്‍ക്കാനും പാര്‍ട്ടിയെ ഇല്ലാതാക്കാനും ഇയാള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതായും 224 പേജുള്ള പുസ്തകത്തില്‍ നിഷ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."