തുര്‍ക്കി ആക്രമണം: ആഫ്രീനില് ഭവനരഹിതരായത് ഒന്നര ലക്ഷം പേര്
ദമസ്കസ്: ആഫ്രീനില് സിറിയന്‍ വംശജരുടെ പലായനത്തിനു നേരെയും തുര്‍ക്കി ആക്രമണം.
സംഭവത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി കുര്‍ദ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ ആശുപത്രിക്കു നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ, മേഖലയില്‍നിന്ന് ദിവസങ്ങള്‍ക്കകം പലായനം ചെയ്തവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു.
സിറിയന്‍ സൈന്യം ആക്രമണം തുടരുന്ന കിഴക്കന്‍ ഗൂഥയില്നിന്ന് കഴിഞ്ഞ ദിവസം 10,000 പേര് കൂടി നാടുവിട്ടു. മേഖലയുടെ ഭൂരിഭാഗവും സൈന്യം വിമതരില്‍നിന്ന് തിരിച്ചുപിടിച്ചതായാണു ലഭിക്കുന്ന വിവരങ്ങള്‍. ഇവിടെ റഷ്യന്‍ സൈന്യവും സിറിയയും ചേര്‍ന്നാണു ആക്രമണം നടത്തുന്നത്.
അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദ് സൈന്യമായ വൈ.പി.ജിയെ ആഫ്രീനില്നിന്ന് തുരത്താനായാണ് കഴിഞ്ഞ മാസം തുര്‍ക്കി സൈന്യം ഇവിടെ സൈനിക നടപടി ആരംഭിച്ചത്.
വിമതസംഘമായ ഫ്രീ സിറിയന്‍ ആര്‍മിയുമായി ചേര്‍ന്നാണ് തുര്‍ക്കിയുടെ മുന്നേറ്റം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."