ചന്ദ്രദത്തിനു സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി
വാടാനപ്പള്ളി: സാംസ്‌കാരിക പ്രവര്‍ത്തകനും കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറുമായ ടി.ആര്‍ ചന്ദ്രദത്തിനു യാത്രാമൊഴി. നൂറുകണക്കിനാളുകളുടെ അന്ത്യാഞ്ജലിക്കു ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിനു വിട്ടുകൊടുത്തു. ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊന്നാനി താലൂക്ക് സെക്രട്ടറിയുമായിരുന്ന തളിക്കുളത്തെ തണ്ടയാന്‍ വീട്ടില്‍ ടി.കെ രാമന്റെയും കുഞ്ഞിപ്പെണ്ണിന്റെയും ആറു മക്കളില്‍ മൂത്തവനാണു ചന്ദ്രദത്ത് .
വലപ്പാട് ഹൈസ്‌കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ എ.ഐ.എസ്.എഫിന്റെ ആദ്യ രൂപമായ മലബാര്‍ ഐക്യ വിദ്യാര്‍ഥി സംഘടനയുടെ നാട്ടിക മേഖലാ സെക്രട്ടാറിയായിരുന്നു. തുടര്‍ന്നു വലപ്പാട് ശ്രീരാമ പോളി ടെക്‌നിക്കില്‍ നിന്നു എഞ്ചിനിയറിങ് ഡിപ്ലോമയും അലഹബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ എഞ്ചിനീയറിങ്ങില്‍ നിന്നു പോസ്റ്റ് ഡിപ്ലോമയും നേടി. ഇതേ തുടര്‍ന്നു ശ്രീരാമ പോളി ടെക്‌നിക്കില്‍ താല്‍ക്കാലിക അധ്യാപകനായി. ഈ സമയം സി.പി.എം അംഗമായിരുന്നു ചന്ദ്രദത്ത്. 1969 മുതല്‍ 72 വരെ തളിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. സ്ഥിരം അധ്യാപക നിയമനം ലഭിച്ചതോടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. സര്‍വ്വീസ് സംഘടനാ രംഗത്തു സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഇരുപതാം വയസിലായിരുന്നു വിവാഹം . പോളി ടെക്‌നിക്കിലെ സഹപാഠിയായിരുന്ന തളിക്കുളം ആലക്കല്‍ പദ്മാവതിയാണു ജീവിത സഖി. ഇരുവരും പോളി ടെക്‌നിക്കിലെ അധ്യാപകരാവുകയും ചെയ്തു.
1985ല്‍ സി അച്യുത മേനോന്‍ ചെയര്‍മാനായി രൂപീകരിച്ച കോസ്റ്റ് ഫോര്‍ഡ് (സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ്് സ്ഥാപക ഡയറക്ടറായി തെരഞ്ഞെടുത്തതും സേവന സന്നദ്ധത എപ്പോഴുമുള്ള ടി.ആര്‍ ചന്ദ്രദത്തിനെയാണ്. ചെലവു കുറഞ്ഞതും പ്രകൃതിക്കു ഇണങ്ങുന്നതുമായ നിര്‍മ്മാണ രീതിയാല്‍ പ്രസിദ്ധമായ കോസ്റ്റ് ഫോര്‍ഡിന്റെ ചെയര്‍മാന്‍ മാറി വന്നെങ്കിലും ഡയറക്ടര്‍ സ്ഥാനത്തു അന്നും ഇന്നും മറ്റൊരാളെ ആലോചിക്കേണ്ടി വന്നിട്ടില്ല. മുപ്പത്തഞ്ചാം വയസില്‍ ഹൃദ്രോഗ ബാധിതനായ അദ്ദേഹം മരുന്നു തുടര്‍ന്നുകൊണ്ടിരിക്കെയാണ് 1996ല്‍ നാവിനു കാന്‍സര്‍ ബാധിച്ചത്. ശസ്ത്രക്രിയ ആവശ്യമുള്ള വിധം പടരുന്ന കാന്‍സറായിരുന്നു. ഹൃദ്രോഗമുള്ളതിനാല്‍ കാന്‍സര്‍ ഓപ്പറേഷനു കാര്‍ഡിയാക് വിഭാഗം ആദ്യം സമ്മതിച്ചിരുന്നില്ല. ആ വര്‍ഷം തന്നെ ആര്‍.സി.സിയില്‍ ഡോ.ഇക്ബാല്‍ അഹമ്മദ്, ഡോ.ജയപ്രകാശ്, ഡോ.എം കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി.
ഈ സമയം പോളി ടെക്‌നിക്കില്‍ നിന്നു വളന്ററി റിട്ടയര്‍മെന്റ്് എടുത്തു കോസ്റ്റ് ഫോര്‍ഡിന്റെ പ്രവര്‍ത്തനത്തിലും സാംസ്‌കാരിക രംഗത്തും കൂടുതല്‍ സജീവമായി. കോസ്റ്റ് ഫോര്‍ഡ് എല്ലാവര്‍ഷവും ഇ.എം.എസ് സ്മൃതി സംഘടിപ്പിക്കുന്നതു ചന്ദ്രദത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക രാഷ്ട്രീയ ഇടം മലയാളികള്‍ക്കു വ്യക്തമാക്കിത്തരുന്നുണ്ട്. ശസ്ത്രക്രിയക്കു ശേഷം പത്തു വര്‍ഷം ആര്‍.സി.സിയില്‍ പോയി വന്നു ചികിത്സ തുടര്‍ന്നു. മരുന്നുണ്ടായിരുന്നില്ല. പിന്നീടു ഡോക്ടറെ വീട്ടില്‍ പോയി കാണുമായിരുന്നു. ഹൃദ്രോഗത്തിനു തൃശൂര്‍ മെഡിക്കല്‍ കോളജിലെ സിന്ധു ജോയ് ആണു ചികിത്സ നടത്തുന്നത്. വായില്‍ കാന്‍സര്‍ വീണ്ടും കണ്ടതോടെ കഴിഞ്ഞ 12നു എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13നു ശസ്ത്രക്രിയക്കു വിധേയനായി.
ഓപ്പറേഷന്‍ വിജയിച്ചു അദ്ദേഹം സാധാരണ നിലയിലേയ്ക്കു വന്നുകൊണ്ടിരിക്കെ രണ്ടു ദിവസത്തിനു ശേഷം ഐ.സി.യുവില്‍ വച്ചു ഹൃദയാഘാതം വന്നു വെന്റിലേറ്ററിലേയ്ക്കു മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തേണ്ടിവന്ന അദ്ദേഹത്തിന്റെ മരണം ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു. കാന്‍സര്‍ ബാധിതനായതിനു ശേഷമുള്ള 22 വര്‍ഷവും ചന്ദ്രദത്ത് കര്‍മ്മ നിരതനായിരുന്നു. ദിവസവും കോസ്റ്റ് ഫോര്‍ഡ് ഓഫീസില്‍ പോകുമായിരുന്നു. ജന്മനാടായ തളിക്കുളത്ത് സ്ത്രീ ശാക്തീകരണം, യുവാക്കള്‍ക്കു സ്വയം തൊഴില്‍, ആരോഗ്യ സംരക്ഷണം, വയോജന പരിപാലനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വികാസ് ട്രസ്റ്റിന്റെ ഡയറക്ടറാണ്. തൃശൂരില്‍ വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ട്രസ്റ്റിന്റെ അമരത്തും ദത്ത് മാഷുണ്ട്. അന്തരിച്ച വാസ്തു ശില്പി ലാറി ബേക്കര്‍, മുന്‍ രാഷ്ട്രപതി കെ.ആര്‍ രാനായണന്‍, സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സുഭാഷിണി അലി, എം.എ ബേബി, മുഖ്യമന്ത്രി പിണറായി വിജയന്‍, ജയറാം രമേശ് ഈ കര്‍മ്മ പുരുഷനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരില്‍ പെടുന്നു .
കഴിഞ്ഞ ഡിസംബറില്‍ സി.പി.എം ജില്ലാ സമ്മേളനം നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചന്ദ്രദത്തിനെ തളിക്കുളത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. വര്‍ഷങ്ങളായി തൃശൂരിലാണു താമസമെങ്കിലും തളിക്കുളത്തെ വീട്ടില്‍ വന്നുപോകാറുണ്ട്.
ഇന്നലെ രാവിലെ എട്ടിനു തളിക്കുളം കൊപ്രക്കളത്തെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് ഒന്നുവരെ അവിടെ പൊതു ദര്‍ശനത്തിനു വച്ചു.സി പി എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, മന്ത്രിമാരായ സി രവീന്ദ്രനാഥ്, എ.സി മൊയ്തീന്‍, ഡി.സി.സി പ്രസിഡന്റ്് ടി.എന്‍ പ്രതാപന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, യു.പി ജോസഫ്, എം.എം വര്‍ഗീസ്, ആര്‍ ബിന്ദു, കെ.വി പീതാംബരന്‍, പി.എം അഹമ്മദ്, കെ.എം ജയദേവന്‍, ബാലചന്ദ്രന്‍ വടക്കേടത്ത് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്നു തൃശൂര്‍ കോസ്റ്റ് ഫോര്‍ഡിലേയ്ക്കു പൊതുദര്‍ശനത്തിനായി കൊണ്ടുപോവുകയായിരുന്നു. വൈകീട്ടു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം മൃതദേഹം തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിനു കൈമാറി.
മക്കള്‍: ഹിരണ്‍ ദത്ത് (എഞ്ചിനീയര്‍, മസ്‌കറ്റ്), നിരണ്‍ ദത്ത് (ദുബൈ). മരുമക്കള്‍: ഷീന, നടാഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."